കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ ഹൃദയഹാരിയായ ഒരു വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പൃഥ്വിരാജും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമാണ് വിഡിയോയിലുളളത്. മികച്ച നടനുള്ള അവാർഡ് നേടിയ പൃഥ്വിരാജിനോട് ആര്യ തമാശ പറയുന്നതും അതുകേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആര്യ തന്നെയാണ് തന്‍റെ ഫെയ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്.
രാജുവേട്ടന്‍ എന്ന അടിക്കുറിപ്പോടെയാണ് ആര്യ വിഡിയോ പങ്കുവച്ചത്. ദീർഘനാളത്തെ സൗഹൃദവും വാത്സല്യവും നിറഞ്ഞ മുഹൂർത്തം വളരെ പെട്ടെന്ന് തന്നെ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങി. മുൻപ് തിരുവനന്തപുരത്തുവച്ചു സംഘടിപ്പിച്ച ഒരു പരിപാടിയിൽ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. അന്ന് ആര്യയുമായുളള രസകരമായ സൗഹൃദസംഭാഷണത്തെ പറ്റി പൃഥ്വിരാജ് വേദിയില്‍ പറഞ്ഞു. 'ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ വരണം എന്ന് പറഞ്ഞു ക്ഷണിക്കുന്നത്' എന്നായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. പീന്നീട് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ആ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കുന്ന കാഴ്ച്ചയാണ് വിഡിയായിലുളളത്.
അതേസമയം പൃഥ്വിയുടെ മനംനിറഞ്ഞുളള ചിരിക്കുമുണ്ട് കയ്യടി. ഇത്ര നന്നായി പൃഥ്വിരാജ് ചിരിക്കുന്നത് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. ചിലരൊക്കെ അഹങ്കാരി എന്നു വിളിക്കുന്ന പൃഥ്വിരാജിനു അനുഗ്രഹമായി കിട്ടിയതാണ് ഈ മനസ്സ് തുറന്നുള്ള ചിരി. അത് കാണുമ്പോൾ അറിയാം അദ്ദേഹത്തിന് അഹങ്കാരമില്ല എന്ന്' എന്നായിരുന്നു വിഡിയോ കണ്ട ഒരു ആരാധകന്‍ കുറിച്ചത്. അതേസമയം കേരളത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിക്കാണ് പൃഥ്വി കൈകൊടുക്കുന്നതെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.