Donated kidneys, corneas, and liver - 1

‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓടി നടക്കുകയാണ് നടന്‍ നസ്‌ലൻ. ചെല്ലുന്നയിടത്തെല്ലാം സ്വതസിദ്ധമായ സംസാരം കൊണ്ട് നസ്‌ലൻ എല്ലാവരുടെയും കയ്യടി നേടുകയാണ്. ഇപ്പോഴിതാ ഒരു വേദിയില്‍ വെച്ച് നസ്‌ലനോടുള്ള ക്രഷും, അഭിനയ മോഹവും തുറന്നു പറയുന്ന ഒരു പെണ്‍കുട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തനിക്ക് നസ്‌ലൻ ചേട്ടനെ ഭയങ്കര ഇഷ്ടാണെന്നും, ഒന്നിച്ച് അഭിനയിക്കാനാകുമോ എന്നറിയില്ലെന്നുമാണ് പെണ്‍കുട്ടി നസ്‌ലെനോട് പറഞ്ഞത്. '2021ല്‍ പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് നസ്‌ലൻ ചേട്ടന്‍റെ ഹോം എന്ന സിനിമ കാണുന്നത്. അതിലെ അഭിനയം അസാധ്യമായിരുന്നു. ഈസിയായിട്ടാണ് അഭിനയിക്കുന്നത്. എന്തൊരു രസമാണ് കണ്ടിരിക്കാന്‍ നസ്‌ലൻ ചേട്ടന്റെ സിനിമകള്‍. 2025ലും നസ്‌ലൻ ചേട്ടനോട് അതേ ഇഷ്ടവും ആരാധനയുമാണുള്ളത്. അന്ന് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ക്ലാസിലെ പല പെണ്‍കുട്ടികള്‍ക്കും നസ്‌ലൻ ചേട്ടനോട് ഭയങ്കര ആരാധനയായിരുന്നു. പലര്‍ക്കും ക്രഷും ഉണ്ടായിരുന്നു. 

2021ല്‍ അഭിനയ മോഹവുമായി പോയപ്പോള്‍, സംവിധായകനായ റിയാസ് മുഹമ്മദ് ചേട്ടനോട് ഞാന്‍ നസ്‌ല‌നെപ്പറ്റി പറഞ്ഞിരുന്നു. ഇഷ്ടമാണ്, ഒപ്പം അഭിനയിക്കണമെന്ന്...  കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അത് നടക്കുമോ എന്ന് അറിയില്ല, പക്ഷേ കാണാനും സംസാരിക്കാനും പറ്റിയതില്‍ സന്തോഷം.  അന്ന് നസ്‌ലന് റിയാസ് മുഹമ്മദ് ചേട്ടന്‍റെ ഫോണില്‍ നിന്ന് ഞാന്‍ മേസേജ് അയച്ചിരുന്നു കൂടെ അഭിനയിക്കണം എന്നുപറഞ്ഞ്'. – പെണ്‍കുട്ടി വാചാലയായി. ഇപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞില്ലേ.. അതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് നസ്‌ലന്‍ സംഭാഷണം അവസാനിപ്പിച്ചത്. 

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആക്‌ഷൻ കോമഡി ചിത്രമായ ആലപ്പുഴ ജിംഖാനയിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്‌ലൻ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ENGLISH SUMMARY:

Fan girl expresses her love for Naslen K. Gafoor