‘എമ്പുരാൻ’ സിനിമയുടെ ആഗോള ഷെയർ 100 കോടി പിന്നിട്ടിരിക്കുന്ന കാര്യം മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ ആരാധകര്‍ കുത്തിപൊക്കുന്നത് നിർമാതാവ് ജി. സുരേഷ് കുമാറിന്റെ വെല്ലുവിളിയാണ്. മലയാളത്തിൽ നൂറ് കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തുവന്നിരുന്നു. ഇവിടെയുള്ള ആർട്ടിസ്റ്റുകളെ വെല്ലുവിളിക്കുകയാണെന്നും, അങ്ങനെയൊരു ഇതുവരെ പടം ഉണ്ടായിട്ടില്ലെന്നും അന്ന് വിവാദമായ പത്രസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി ഇതോടെയാണ് എമ്പുരാനിലൂടെ ആ വെല്ലുവിളി മോഹൻലാൽ ഏറ്റെടുത്ത് നടപ്പാക്കിയെന്ന് ആരാധകർ പറയുന്നത്.
സുരേഷ് കുമാറിന്റെ വെല്ലുവിളി ആണ് ഇപ്പോൾ മോഹൻലാൽ ഏറ്റെടുത്തെന്നും അതിനുള്ള മറുപടിയാണ് ‘എമ്പുരാനെ’ന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞു എന്നാണ് ‘എമ്പുരാന്റെ’ പുതിയ കലക്‌ഷൻ െവളിപ്പെടുത്തുന്ന പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ആശിർവാദ് സിനിമാസും കലക്‌ഷൻ റിപ്പോർട്ട് പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കലക്‌ഷനാണിത്. നിലവിൽ 234 കോടിയാണ് ‘എമ്പുരാന്റെ’ ആഗോള ഗ്രോസ് കലക്‌ഷൻ.