ahaana

'നാന്‍സി റാണി' സിനിമയുടെ പ്രമോഷനുകളില്‍ താന്‍ സഹകരിക്കുന്നില്ലെന്നുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് നടി അഹാന. ദീര്‍ഘമായ കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് അഹാന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ സംവിധായകനില്‍ നിന്നടക്കം നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി വ്യക്തമാക്കിയത്. 2020 ഫെബ്രുവരിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. 2021 ഡിസംബര്‍വരെ ഷൂട്ട് നീണ്ടെങ്കിലും പൂര്‍ത്തീകരിച്ചില്ലെന്നും സിനിമ എങ്ങനെയാകണമെന്നത് സംബന്ധിച്ച് സംവിധായകന് കൃത്യമായ ധാരണയില്ലാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മദ്യപിച്ച് കാരവാനിലിരുന്ന സംവിധായകനെയും അസിസ്റ്റന്‍റുമാരെയും കാത്ത് അഭിനേതാക്കളും ടെക്നീഷ്യന്‍മാരുമടക്കം മണിക്കൂറുകള്‍ കാത്തിരുന്ന് നിരാശരായിട്ടുണ്ടെന്നും അഹാന കുറിക്കുന്നു. അന്തരിച്ച സംവിധായകനോട് താന്‍ നീതി പുലര്‍ത്തുന്നില്ലെന്ന അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആരോപണങ്ങളില്‍ പ്രതികരിക്കണോ വേണ്ടയോ എന്ന് ദീര്‍ഘമായി ആലോചിച്ചുവെന്നും തന്‍റെ ഭാഗം വ്യക്തമാക്കണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് വിശദീകരിക്കുന്നതെന്നും അഹാന പറയുന്നു. താരത്തിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 

ahaana-krishna-youtube

' നാന്‍സി റാണിയെന്ന സിനിമയുടെ പ്രമോഷനുമായി ഞാന്‍ സഹകരിക്കുന്നില്ലെന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച്.. ഒന്നാമതായി, ഇത്രയും ദിവസം ഇക്കാര്യത്തില്‍ മൗനം പാലിച്ചതിനെ കുറിച്ചാണ്. സത്യസന്ധമായി പറഞ്ഞാല്‍, ഈ വിഷയത്തെ കുറിച്ച് സംസാരിക്കണോ അതോ മിണ്ടാതെയിരിക്കണോ എന്ന് കുറേയധികം ആലോചിച്ചു. ആ വിഷയത്തെ കുറിച്ച് സംസാരിച്ചാല്‍, 2023 ല്‍ അന്തരിച്ച സംവിധായകന്‍ മനു ജയിംസിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഭാര്യയും എന്നെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതുമായ നൈനയെ കുറിച്ചും സംസാരിക്കേണ്ടി വരും.

വിശദീകരിക്കുന്ന വിവരങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്ക് അത്ര സുഖകരമാകാന്‍ വഴിയുള്ളതല്ല. ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് പൊതുവിടത്തില്‍ ചര്‍ച്ച ചെയ്യാന്‍ സത്യത്തില്‍ എനിക്ക് താല്‍പര്യവുമില്ല. നൈനയുടെ കാര്യത്തിലേക്ക് വന്നാല്‍.. അവര്‍ പൊതുവിടത്തില്‍ നിന്ന് മാറി നില‍്ക്കുന്നത് കൊണ്ട്, സമൂഹമാധ്യമ ചര്‍ച്ചകളിലേക്ക് അവരെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. മാത്രവുമല്ല, സത്യം അതിന്‍റെ വഴി കണ്ടെത്തുമെന്നും നിങ്ങള്‍ അത് പറഞ്ഞ് ആളുകളെ ധരിപ്പിക്കേണ്ടതില്ലെന്നുമാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍ നൈന പൊതുവിടത്തിലേക്ക് വരികയും ഒരുകൂട്ടം അസത്യങ്ങളും അവാസ്തവമായ ആരോപണങ്ങളും എനിക്കെതിരെ ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലും, എന്നെ പ്രഫഷനലിസമില്ലാത്തയാളും, മര്യാദയില്ലാത്തവളും ദയയും സഹാനുഭൂതിയുമില്ലാത്തയാളുമായി ചിത്രീകരിക്കുകയും ചെയ്ത സ്ഥിതിക്ക് എന്‍റെ പ്രിയപ്പെട്ടവരുടെയും അതിനെക്കാള്‍ ഉപരിയായി എന്നോടൊപ്പം ആ സിനിമയില്‍ സമാനമായ ദുരനുഭവങ്ങളിലൂടെ കടന്നുപോവുകയും ചെയ്യേണ്ടി വന്നവര്‍ക്കായി എന്‍റെ ഭാഗം വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ഞാന്‍ ഒരാളെ അനുവദിക്കുന്നത് എന്തിനാണെന്ന് എന്നോട് അടുപ്പമുള്ളവര്‍ പലരും ചോദിച്ചു. എന്നെ സ്നേഹിക്കുന്നവരുടെ കൂടെ മനസില്‍ അത്തരം അവാസ്തവമായ കാര്യങ്ങളും ഒരുപറ്റം സംശയങ്ങളും എന്നെ കുറിച്ച് അവശേഷിപ്പിക്കേണ്ടതില്ല. 

2020 ഫെബ്രുവരിയിലാണ് നാന്‍സി റാണിയുടെ ഷൂട്ടിങ് ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ സംവിധാനത്തിലും നിര്‍മാണത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് വിഭാഗവും സ്വന്തമായി ചെയ്യണമെന്നുള്ള സംവിധായകന്‍റെ ആഗ്രഹവും ഈ മേഖലയില്‍ അദ്ദേഹത്തിനുള്ള പരിചയക്കുറവുമാണ് പ്രശ്നങ്ങളുണ്ടാക്കിയത്. പരിചയ സമ്പന്നനായ ഒരു അസോസിയേറ്റ് ഡയറക്ടറെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും വയ്ക്കാന്‍ ഞാനും ടെക്നീഷ്യന്‍മാരില്‍ ചിലരും മനുവിനോട് ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങള്‍ കുറച്ച് കൂടി കൃത്യമായി നടക്കുമെന്നതിനാലായിരുന്നു ഇത്. എന്നാല്‍ മനു ഈ ആവശ്യം തള്ളുകയും സ്വന്തമായി എല്ലാം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും ഈ പ്രശ്നങ്ങള്‍ക്കിടയിലും പ്രോജക്ടിനെ അങ്ങേയറ്റം സ്നേഹത്തോടെയും അത് നന്നായി വരുമെന്ന  പ്രതീക്ഷയോടെയുമാണ് ഞാന്‍ സമീപിച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ഞാന്‍ അതില്‍ കാണിക്കുന്ന അര്‍പ്പണ മനോഭാവം നിങ്ങള്‍ക്കും അറിയാവുന്നതാണ്. 2020 ഒക്ടോബറിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. രണ്ട് പ്രമുഖ താരങ്ങളോട് ഇതിന്‍റെ പോസ്റ്റര്‍ പങ്കുവയ്ക്കാന്‍ ഞാന്‍ വ്യക്തിപരമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോസ്റ്റര്‍ റിലീസ് ചെയ്ത സമയത്ത് ഞാന്‍ പ്രമോട്ട് ചെയ്തത് വഴിയാണ് നിങ്ങളില്‍ പലരും ഈ സിനിമയെ കുറിച്ച് അറിഞ്ഞിട്ടുപോലുമുണ്ടാവുക. പ്രശ്നങ്ങളുടെ ഇടയിലും ഇതൊരു നല്ല  പ്രൊജക്ടാകുന്നതിനായി മനുവുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍  ദിവസം കഴിയുന്തോറും മനുവിനൊപ്പം ജോലി ചെയ്യുക ദുഷ്കരമായി വന്നു. സംഭവങ്ങളെ ചുരുക്കിപ്പറയാം. 

ahaana-photoshoot

1. സെറ്റില്‍ പല ദിവസവും മനു മദ്യപിച്ചാണ് വന്നിരുന്നത്. മനുവും അദ്ദേഹത്തിന്‍റെ ചില അസിസ്റ്റന്‍റ് ഡയറക്ടര്‍മാരും കാരവനിലിരുന്ന് മദ്യപിക്കുകയാണ് പല ദിവസവും ചെയ്തിരുന്നത്. ഈ നേരമത്രയും ഞാനും ടെക്നീഷ്യന്‍മാരും മറ്റുള്ളവരുമടങ്ങുന്ന സെറ്റ് മുഴുവും അവരുടെ പാര്‍ട്ടി കഴിഞ്ഞെത്തി ഷൂട്ട് തുടങ്ങുന്നത് കാത്തിരുന്നിട്ടുണ്ട്. ഒന്നിലധികം തവണ മറ്റുള്ളവരും കാത്ത് മുഷിയുന്നത് കണ്ട് മനുവിന് ഷൂട്ട് തുടങ്ങിയാലോ എന്ന് ചോദിച്ച് ഞാന്‍ മെസേജ് അയച്ചിട്ടുണ്ട്. ( ഇതിന്‍റെ വാട്സാപ്പ് തെളിവുകളും സെറ്റിലിരുന്ന് മദ്യപിച്ചിട്ടുണ്ടെന്ന് മനു സമ്മതിച്ചതിന്‍റെ തെളിവുകളും എന്‍റെ കൈവശമുണ്ട്. )

2. 2020 ഫെബ്രുവരി മുതല്‍ 2021 ഡിസംബര്‍ വരെ പല ദിവസങ്ങളിലായാണ് സിനിമ ഷഊട്ട് ചെയ്തത്. എന്നിട്ടും സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ മനുവിന് ഉദ്ദേശമോ വ്യക്തതയോ ഇല്ലാതിരുന്നതായിരുന്നു കാരണം.  തീര്‍ത്തും അണ്‍ പ്രഫഷനലായാണ് തുടക്കം മുതല്‍ അവസാനം വരെ കാര്യങ്ങള്‍ നടന്നത്. ഷൂട്ടിങ് എപ്പോള്‍ തുടങ്ങണമെന്നോ എപ്പോള്‍ അവസാനിപ്പിക്കണമെന്നോ ധാരണയുണ്ടായിരുന്നില്ല. അവര്‍ക്ക് തോന്നുമ്പോള്‍ ഷൂട്ട് തുടങ്ങുകയും തോന്നുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന തരം ഷെഡ്യൂളുകളായിരുന്നു. സാധാരണയായി ഷൂട്ടിങ് ഷെഡ്യൂള്‍ പ്രകാരമാണ് നടക്കുക 6am to 6pm, 9am to 6pm, 9am to 9pm, 2pm to 2am അങ്ങനെ. എന്നിരുന്നാലും ഈ സെറ്റില്‍ അത്തരമൊരു ഷെഡ്യൂളേ ഉണ്ടായിട്ടില്ല. അവര്‍ക്ക് തോന്നുമ്പോഴും അവരുടെ സൗകര്യത്തിനനുസരിച്ചും മാത്രമാണ് ഷൂട്ടിങ് നടന്നത്.

3. ഷൂട്ടിങ് ആകെ അലമ്പായാണ് നടന്നത്. കോസ്റ്റ്യൂമുകള്‍ ഇടയ്ക്കിടെ നഷ്ടമായിരുന്നു. എന്താണ് നടക്കുന്നതെന്ന് സഹ.സംവിധായകര്‍ക്ക് ഒരു എത്തും പിടിയുമുണ്ടായിരുന്നില്ല, സംവിധായകനും അദ്ദേഹത്തിന്‍റെ ടീമും ചേര്‍ന്നുണ്ടാക്കുന്ന അപവാദ കഥകള്‍, സെറ്റൊന്നാകെ അഭിനേതാക്കളും ടെക്നീഷ്യന്‍മാരും ഒരു ധാരണയുമില്ലാതെ സംവിധായകന്‍ എന്തെങ്കിലും പറയുന്നതും ഷൂട്ടിങ് തുടങ്ങാനും അവസാനിപ്പിക്കാനും നിര്‍ദേശിക്കുന്നതും കാത്ത് നില്‍ക്കുക, സമയത്തിനോ, പണത്തിനോ ഒരു വിലയും നല്‍കാതെ പെരുമാറുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളുടെ ഘോഷയാത്രയായിരുന്നു. 

എങ്ങനെയാണ് ഷൂട്ടിങ് മുഴുവന്‍ നടന്നതെന്നതിന്‍റെ ഒരു ചെറിയ രൂപം മാത്രമാണിത്. കാര്യങ്ങളിങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും ചിത്രത്തിന്‍റെ പ്രമോഷനില്‍ നിന്ന് ഞാന്‍ വിട്ടു നിന്നതിന്‍റെ കാരണം ഇതൊന്നുമല്ല. 2021 ഡിസംബറിലാണ് സിനിമയില്‍ എന്‍റെ അവസാനത്തെ ഷോട്ട് എടുക്കുകയും മനുവുമായുള്ള എന്‍റെ അവസാനത്തെ പ്രോപ്പറായ സംസാരമുണ്ടാവുകയും ചെയ്തത്. അടുത്ത ഷെഡ്യൂള്‍ എപ്പോഴാണെന്ന് എന്നെ അറിയിക്കൂ എന്ന് കൃത്യമായി പറഞ്ഞാണ് സെറ്റില്‍ നിന്നും ഞാന്‍ മടങ്ങിയത്. അദ്ദേഹം ഇത് സംസാരിക്കാനായി പിന്നീട് എന്നെ വിളിച്ചതേയില്ല. ഒരു മാസത്തിന് ശേഷം, ഈ സിനിമയിലെ സ്ത്രീ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതിനായി ഡബ്ബിങ് ആര്‍ടിസ്റ്റിനെ തേടിയുള്ള അവരുടെ പരസ്യം ഇന്‍സ്റ്റയില്‍ ഞാന്‍ കണ്ടു. എന്‍റെ റോളിലേക്കായിരിക്കുമോ എന്നെനിക്ക് സംശയം തോന്നുകയും ഇക്കാര്യം ചോദിച്ച് മനുവിനും നൈനയ്ക്കും ഞാന്‍ മെസേജ് അയയ്ക്കുകയും ചെയ്തു. രണ്ടുപേരും എന്‍റെ മെസേജ് അവഗണിക്കുകയും മറുപടി തരാതിരിക്കുകയുമാണ് ഉണ്ടായത്.(ഇതിന്‍റെയും വാട്സാപ്പ് ചാറ്റിന്‍റെ തെളിവുകളും ഡബ്ബിങ് ആര്‍ടിസ്റ്റിനെ തേടിയുള്ള പരസ്യത്തിന്‍റെ സ്ക്രീന്‍ഷോട്ടും എന്‍റെ കൈയില്‍ ഉണ്ട്.)

 ഇതിന് പിന്നാലെ മറ്റൊരാള്‍ എന്‍റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തുവെന്ന് മറ്റുചിലരില്‍ നിന്ന് ഞാന്‍ അറിഞ്ഞു. എന്‍റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഞാന്‍ ഡബ്ബ് ചെയ്യാന്‍ സംവിധായകര്‍ ആവശ്യപ്പെടുകയും അത് ശരിയായില്ലെങ്കില്‍ മാത്രം ഡബ്ബിങ് ആര്‍ടിസ്റ്റിന് നല്‍കുന്നതുമാണ് ഞാന്‍ കണ്ടിരുന്നത്. അതെനിക്ക് മനസിലാകുമായിരുന്നു. പക്ഷേ ഇത് എനിക്ക് ഞെട്ടലുണ്ടാക്കി. കാരണം , ഷൂട്ടിങിനിടയിലൊക്കെയും മനു എന്‍റെ പ്രകടനത്തെ അഭിനന്ദിച്ചാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്‍റെ പ്രകടനത്തെ കുറിച്ച് എനിക്ക് സംശയമേതും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇതൊരു പ്രശ്നമാക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കാരണം മനുവിനൊപ്പം രണ്ട് വര്‍ഷം വര്‍ക്ക് ചെയ്തത് തീര്‍ത്തും മോശമായ അനുഭവമാണ് നല്ലതു തീര്‍ത്തും പ്രഫഷനലുമായ ചിത്രങ്ങളുടെ മാത്രം ഭാഗമാകാന്‍ സാധിച്ച എന്നെ പോലെ ഒരാള്‍ക്ക് ഉണ്ടാക്കിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം, 2022 മാര്‍ച്ചില്‍ മനു മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം എന്നെ വിളിച്ച് ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നെ നേരില്‍ കാണുകയും എന്തൊരു അണ്‍പ്രഫഷനലായാണ് എന്നോട് പെരുമാറിയത് എന്നതിനെ കുറിച്ചും വ്യക്തിപരമായി സംസാരിച്ചതിന് ശേഷം മാത്രം ഞാന്‍ ഡബ്ബ് ചെയ്യാമെന്ന് ഞാന്‍ അറിയിച്ചു.  എന്നാല്‍ നേരില്‍ വന്ന് കാണാന്‍ പറ്റില്ലെന്നും സ്വന്തം സിനിമ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നുമായിരുന്നു മനുവിന്‍റെ മറുപടി. 

ഇതായിരുന്നു ഒന്നാമത്തെ പ്രശ്നം. നൈന മറ്റ് അഭിമുഖങ്ങളില്‍ പറഞ്ഞതുപോലെ മനു ഒരിക്കലും മറ്റൊരാളെ കൊണ്ട് എന്‍റെ റോളിന് ഡബ്ബ് ചെയ്യിക്കുമെന്ന് എന്നെ അറിയിച്ചിട്ടില്ല. ആ സിനിമയില്‍ സഹകരിക്കുകയും കാണുകയും ചെയ്ത വ്യക്തി, എന്‍റെ ഭാഗം ഡബ്ബ് ചെയ്തിരിക്കുന്നത് വല്ലാതെ മോശമായിട്ടുണ്ടെന്നും അണ്‍പ്രഫഷനലായ ഒരാളെ കൊണ്ടാണ് ചെയ്യിച്ചതെന്നും പറയുകയുമുണ്ടായി. 

കേട്ടതില്‍ എത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ലെങ്കിലും, ക്ലൈമാക്സ് ചിത്രീകരിച്ച ക്രൂമെംബര്‍മാരില്‍ നിന്നും എന്നെ പോലെ ഇരിക്കുന്ന മറ്റൊരാളെ കൊണ്ടാണ് ക്ലൈമാക്സ് ചിത്രീകരിച്ചതെന്നും അറിഞ്ഞു. ഇത് സത്യത്തില്‍ സംഭവിച്ചോ ഇല്ലയോ എന്നെനിക്ക് തീര്‍ച്ചയില്ല. പക്ഷേ സിനിമയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിക്കുകയോ ഈ ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഞാന്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മറ്റാരെങ്കിലുമാണോ അഭിനയിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ അങ്ങനെ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. 

 ഇതിനെല്ലാം പുറമെ മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളോട് നാന്‍സി റാണിയെ കുറിച്ചുള്ള സംസാരത്തിനിടെ ' അഹാന നല്ല നടിയാണ്, പക്ഷേ അവരുടെ സ്വഭാവം വളരെ മോശമാണ്. തീര്‍ത്തും അണ്‍പ്രഫഷനലായാണ് പെരുമാറുന്നത്. സെറ്റില്‍ എപ്പോഴും വൈകിയാണ് വരുന്നത്. ഷൂട്ട് ദിവസങ്ങള്‍ക്കിടയില്‍ ട്രിപ്പ് പോകും, മാത്രവുമല്ല, ലഹരി ഉപയോഗിക്കുന്ന വ്യക്തിയുമാണ്' എന്ന് മനു പറഞ്ഞതായി അറിഞ്ഞു. സുഹൃത്തും അഭ്യൂദയകാംക്ഷിയുമായ സംഗീത ജനചന്ദ്രനോടും താന്‍ ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്ന തരത്തില്‍ മനുവും നൈനയും സംസാരിക്കുകയുണ്ടായി. നിയമപരമായി നീങ്ങിയാല്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ രണ്ടുപേരും തയ്യാറാണെന്നും അറിയിച്ചിട്ടുണ്ടെന്നും അഹാന വ്യക്തമാക്കുന്നു. ദീര്‍ഘമായ വിശദീകരണക്കുറിപ്പില്‍ സംവിധായകന്‍റെ ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം അഹാന വിശദമായ മറുപടിയും നല്‍കുന്നുണ്ട്. 

ENGLISH SUMMARY:

Actress Ahana Krishna addresses allegations of non-cooperation in Nancy Rani promotions, revealing challenges faced during the film’s shoot.