കരീന കപൂറും ഷാഹിദ് കപീറും തമ്മിലുള്ള ആലിംഗനവും സംസാരവും സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. ഐഫ അവാര്‍ഡ് ചടങ്ങിനിടെയാണ് ഇരുവരും തമ്മിലുള്ള ഹൃദ്യമായ നിമിഷങ്ങളുണ്ടായത്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
2000ങ്ങളുടെ ഒടുക്കത്തില്‍ ഷാഹിദും കരീനയും തമ്മിലുള്ള പ്രണയം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഫിദ, ചുപ് ചുപ് കേ, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ബന്ധം വേര്‍പിരിഞ്ഞിരുന്നു. കരീന പിന്നീട് സെയ്ഫ് അലി ഖാനേയും ഷാഹിദ് മിര രജ്പുതിനേയും വിവാഹം കഴിച്ചിരുന്നു.
ഇതിനു ശേഷം പല വേദികളില്‍ വച്ച് കണ്ടുമുട്ടിയെങ്കിലും ഇരുവരും പരസ്പരം സംസാരിക്കുകയോ ഒന്ന് നോക്കുകയോ പോലും ചെയ്തിരുന്നില്ല. അടുത്തിടെ നടന്ന ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്സിനിടെ നേര്‍ക്ക്നേര്‍ വന്നിട്ടും പരസ്പരം നോക്കാതെ പോയ ഷാഹിദിന്‍റേയും കരീനയുടേയും വിഡിയോ വൈറലായിരുന്നു. ഐഫ അവാര്‍ഡിനിടെ വര്‍ഷങ്ങള്‍ നീണ്ട മൗനം ഇരുവരും അവസാനിപ്പിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരും അഭിനന്ദനം അറിയിച്ചു.
എന്നാല്‍ തങ്ങള്‍ക്കിടെയില്‍ ഇതൊരു പുതിയ കാര്യമല്ല എന്നാണ് ഷാഹിദ് പ്രതികരിച്ചത്. 'സ്റ്റേജില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ പരസ്പരം ഇടപഴകി. ഇതൊരു സാധാരണകാര്യമാണ്. ആളുകള്‍ക്ക് അത് നന്നായി തോന്നിയെങ്കില്‍ നല്ല കാര്യം,' ഷാഹിദ് പറഞ്ഞു.