marco-nadeem-thufail

‘മാര്‍കോ’ സിനിമയ്ക്ക് വിലക്കിട്ട് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.  ഒ.ടി.ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്നും നദീം തുഫേല്‍ മനോരമ ന്യൂസിനോട് വിശദീകരിച്ചു. 

സിനിമയിലെ വയലന്‍സ് കൂടുന്നതില്‍  ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനെ കുറ്റപ്പെടുത്തുന്നതില്‍ മറുപടിയുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്‍റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ മനോരമ ന്യൂസില്‍. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും അദേഹം വ്യക്തമാക്കി. അതേസമയം സിനിമയില്‍ വയലന്‍സ് കൂടുന്നൂവെന്നത് യാഥാര്‍ത്ഥ്യമാണെന്നും സി.ജി.അരുണ്‍ സിങുമായി നടത്തിയ സംഭാഷണത്തില്‍ അദേഹം സമ്മതിച്ചു.

കുട്ടികള്‍ വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളെന്ന് ഫിലീം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ മേധാവി നദീം തുഫേല്‍. ഉള്ളടക്കം പരിശോധിച്ച് ഏതൊക്കെ പ്രായത്തിലുള്ളവര്‍ കാണരുതെന്ന് നിഷ്കര്‍ഷിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനാല്‍ കുട്ടികളുമായി സിനിമയ്ക്ക് പോകും മുന്‍പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമാണ്. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററിനെതിരെ പതിനായിരം രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ടെന്നും നദീം പറഞ്ഞു.

സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിനിമകളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ നടപടികളുമായി ഫിലീം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ഉള്ളടക്കം കര്‍ശനമായി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് റീജിയണല്‍ മേധാവി പറഞ്ഞു. സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നദീം തുഫേല്‍ പറഞ്ഞു.

ENGLISH SUMMARY:

Film Certification Board bans Marco movie. Denies permission to screen on television channels. A letter was sent to the central government requesting it to stop the OTT screening. Nadeem Tufal explained to Manorama News that the action was taken because it had an 'A' certificate. The explanation was that the Kerala committee's decision was not to give a certificate for theatrical screening to Marco.