കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിലെ താരത്തെ ചുംബിച്ചതിന് 50കാരിക്കെതിരെ കേസ്. പൊതുപരിപാടിക്കിടെ ഗായകനെ അനുവാദം കൂടാതെ സ്ത്രീ കവിളിൽ ചുംബിച്ചതിനാണ് 50കാരിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യാനായി കൊറിയൻ പൊലീസ് വിളിപ്പിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. ജപ്പാൻകാരിയായ സ്ത്രീ നിലവിൽ സ്വദേശത്താണുള്ളത്. പൊതുപരിപാടിക്കിടെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ സ്ത്രീക്കെതിരേ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സിയോളില്‍ നടന്ന ഫ്രീ ഹഗ് ഇവന്റിനിടെയായിരുന്നു ബിടിഎസ് താരം ജിന്‍ എന്നറിയപ്പെടുന്ന കിം സിയോക്-ജിന്നിനെ സ്ത്രീ ചുംബിച്ചത്. പരിപാടിക്കിടെ ബിടിഎസ് താരം ആയിരത്തോളം ആരാധകരെ ആലിംഗനം ചെയ്തിരുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗായകന്റെ ആലിംഗനമേറ്റുവാങ്ങിയത്. ആലിംഗനം ചെയ്യുന്നതിനിടെ 50കാരി താരത്തിന്റെ മുഖത്ത് ചുംബിക്കുകയായിരുന്നു. ആലിംഗനത്തിനു പകരം അനുവാദം കൂടാതെ ചുംബിച്ചതാണ് കേസിലേക്ക് വഴിവച്ചത്.
സംഭവത്തില്‍ ഒരു ബിടിഎസ് ആരാധകന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് സ്ത്രീക്കെതിരെ അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 18 മാസത്തെ നിര്‍ബന്ധിത സൈനികസേവനത്തിനു ശേഷമുള്ള ജിന്നിന്‍റെ ആദ്യ പൊതുപരിപാടിയായിരുന്നു ഫ്രീ ഹഗ് ഇവന്റ്.