TOPICS COVERED

പത്മദളാക്ഷനെ കുതിരവട്ടം പപ്പു എന്നു പറഞ്ഞാലേ നാമറിയൂ. കോമഡിയും ട്രാജഡിയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കോഴിക്കോട്ടുകാരൻ. പപ്പു ഓർമ്മയായിട്ട് ഇന്ന് 25 വർഷം ആവുമ്പോഴും നമുക്കിടയിൽ ഒരാളായി അദ്ദേഹം ഇന്നുമുണ്ട്. 

നർമ്മം നിറഞ്ഞ ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളികളെ ചിരിപ്പിച്ച കുതിരവട്ടം പപ്പു, മൂടുപടത്തിൽ തുടങ്ങി നരസിംഹത്തിൽ അവസാനിച്ച മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന അഭിനയമുഹൂർത്തങ്ങളാണ് നമുക്ക് സമ്മാനിച്ചത്. മലയാളിയെ ചിരിപ്പിച്ചും കരയിച്ചും പപ്പു ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ കാലാതീതമായി പകരം വയ്ക്കാനില്ലാത്ത ഓര്‍മകളായി നിലനില്‍ക്കുകയാണ്.

കോഴിക്കോട്ടെ ദേശപോഷിണിയുമായുള്ള അടുപ്പം പത്മദലാക്ഷനെ വലിയ നാടക ക്യാംപുകളിൽ എത്തിച്ചു. പിന്നീട് പകരക്കാരനായി അണിയറയിൽ നിന്നും അരങ്ങിലേക്ക്. കുപ്പയിലൂടെ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. ‘മുടിയനായ പുത്രന്‍’എന്ന നാടകത്തില്‍ നിന്ന് പപ്പുവിന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ് രാമു കാര്യാട്ടിന്‍റെ മൂടുപടത്തിലേക്ക് ക്ഷണം. 'ഭാര്‍ഗവീ നിലയമായിരുന്നു' കരിയറില്‍ മാറ്റം വരുത്തിയത്. ബഷീറിന്‍റെ ‘നീലവെളിച്ച’മെന്ന കഥയെ ആസ്പദമാക്കി എ വിന്‍സന്‍റ് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ കഥാപാത്രത്തിന്‍റെ പേരും ബഷീര്‍ തന്നെ നിശ്ചയിച്ചു-കുതിരവട്ടം പപ്പു. പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട പപ്പുവായി.

സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതം നര്‍മത്തില്‍ പൊതിഞ്ഞ് ഇത്രമേല്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച മറ്റൊരു നടനുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അഭിനയം പോലെ തന്നെ സംഭാഷണത്തിനിടെ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും പപ്പുവിനെ  മലയാളി സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഇന്നും സുപരിചിതനാക്കി. 

ഹാസ്യത്തിന് അതീതമായ അഭിനയസിദ്ധിയുടെ ഉടമയായിരുന്നു പപ്പു എന്നു തെളിയിച്ച റോളുകള്‍. പപ്പുവിലെ സ്വഭാവനടനെ തിരിച്ചറിയാന്‍ അധികം കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ക്ക് ആവശ്യമില്ല. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരനിരയുമായി പപ്പുവിനെ ബന്ധിപ്പിച്ചുനിർത്തുന്ന കണ്ണിയാണ് മുഹമ്മദ് റഫി.  മലയാള സിനിമയിൽ  റഫിയുടെ പാട്ടിനൊത്ത് വെള്ളിത്തിരയിൽ ചുണ്ടനക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു നടൻ പപ്പു മാത്രം. 

അങ്ങാടി യിലെ പാവാടവേണം എന്ന ഗാനവും അതവതരിപ്പിക്കുന്ന കഥാപാത്രവും ഇന്നും ജനമനസ്സില്‍ ജീവിച്ചിരിക്കുന്നതിന് ഏക അവകാശി ആ മഹാനടന്‍ തന്നെ. ഷാജി കൈലാസിന്‍റെ "നരസിംഹ'മായിരുന്നു പപ്പുവിന്‍റെ അവസാന ചിത്രം. മരിച്ച് 25 വര്‍ഷം തികയുമ്പോള്‍ അനശ്വരമാക്കിയ കഥാപാത്രം കാട്ടുപറമ്പന്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തി റീറിലീസിലൂടെ.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും നാടകത്തോടു തന്നെയായിരുന്നു പപ്പുവിന് അടുപ്പം. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അദ്ദേഹം പഴയകാല നാടകസുഹൃത്തുക്കളെ ഉള്‍പ്പെടുത്തി കോഴിക്കോട്ട് "അക്ഷര തിയേറ്റേഴ്സ്'എന്ന നാടകകമ്പനി രൂപീകരിച്ചിരുന്നു.

ENGLISH SUMMARY:

The Kozhikode-born actor who effortlessly balanced comedy and tragedy, making Malayali audiences both laugh and cry. Even after 25 years of his passing, Pappu remains a beloved presence among us