മലയാളിപ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുകയാണിപ്പോള്‍. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ക്യാരക്ടര്‍ ലുക്കും പുറത്തുവിട്ടു. വിഡിയോയില്‍ വളരെ രസകരമായ ഒരു കാര്യവും സുരാജ് പറയുന്നു.
ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താന്‍ പൃഥ്വിരാജിനോട് പറഞ്ഞ കാര്യവും മറുപടിയുമാണ് വളരെ രസകരമായി സുരാജ് പറയുന്നത്. ലൂസിഫര്‍ താന്‍ കണ്ടെന്നും പടം ഇഷ്ടപ്പെട്ടെങ്കിലും ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് താന്‍ കണ്ടുപിടിച്ചെന്നുമായിരുന്നു സുരാജ് പറഞ്ഞത്. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന രീതിയില്‍ പൃഥ്വി തന്നോട് കാര്യം ചോദിച്ചു. ‘രാജുവിന് ആകാംക്ഷയായി. ലൂസിഫറില്‍ ഞാൻ ഇല്ല എന്നത് വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് ശരിക്കും ഫീലായി. പുള്ളി പെട്ടെന്ന് പൊട്ടിച്ചിരിച്ചു, ഓ അങ്ങനൊരു കുറവുണ്ടായിരുന്നല്ലേ, സാരമില്ല ആ കുറവ് നികത്താം എന്നായിരുന്നു പൃഥ്വി മറുപടി പറഞ്ഞത്.
കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് കോള്‍ വന്നു, ആ കുറവ് നികത്തുകയാണെന്ന് പറഞ്ഞു, എമ്പുരാനില്‍ സജനചന്ദ്രന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്. കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തുന്നയാളാണെന്നും സുരാജ് പറയുന്നു. മാര്‍ച്ച് 27നാണ് എമ്പുരാന്റെ റിലീസ്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കു പിന്നാലെയല്ല, മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനു പിന്നാലെയാകും എമ്പുരാന്റെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംവിധായകൻ പൃഥിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസും ചിത്രത്തിലുണ്ട്.