പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം 'സാരി'യുടെ മലയാളം ട്രെയിലർ പുറത്തിറങ്ങി. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി ശങ്കർ വർമ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമൽ ആണ്.
സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശവും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. അമിത സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ.
സത്യാ യാദു അവതരിപ്പിക്കുന്ന നായക കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കണ്ടുമുട്ടുന്നു. ആ യുവതിയെ അയാള്‍ സോഷ്യല്‍മീഡിയയില്‍ നിരന്തരം പിന്തടരുന്നു . അവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. സമൂഹമാധ്യമങ്ങളലൂടെയുണ്ടാക്കുന്ന ബന്ധങ്ങളിലെ ചതിക്കുഴികള്‍ ഓര്‍മപ്പെടുത്തുന്നതാണ് ചിത്രമെന്ന് എക്‌സിൽ ട്രെയ്‌ലർ പോസ്റ്റ് ചെയ്തുകൊണ്ട് റാം ഗോപാൽ വർമ്മ പറഞ്ഞു.
ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠ്യേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ശ്രീലക്ഷ്മി എന്നായിരുന്നു നേരത്തെ ആരാധ്യയുടെ പേര്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.
സാഹിൽ സംഭയാൽ, അപ്പാജി അംബരീഷ്, കല്പലത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഫെബ്രുവരി മാസം 28 നാണ് ചിത്രത്തിന്റെ റിലീസ്.