സുരേഷ് ഗോപിയുടെ വിവാദപ്രസ്താവനക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുലജാതൻ വകുപ്പ് മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെയാണ് വിനായകന്‍ രംഗത്തെത്തിയിരിക്കുന്നത്. 'അധമകുലജാതരെ, ഉന്നതകുലജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമകുലജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും. ജയ് ഹിന്ദ്,' എന്നാണ് വിനായകന്‍ കുറിച്ചത്.
സുരേഷ് ഗോപി കുടുംബസമേതം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് വിനായകന്‍റെ കുറിപ്പ്. ഇതിനൊപ്പം അടുത്തിടെ വിനായകന്‍റെ വിവാദചിത്രവും പങ്കുവച്ചിരിന്നു. ഫ്ളാറ്റില്‍ നിന്ന് നഗ്നതാപ്രദര്‍ശനം നടത്തിയ വിഡിയോയ്ക്കിടെയുള്ള ചിത്രമാണ് വിനായകന്‍ ഇതിനൊപ്പം വച്ചത്.
ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ഒരു ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗ്ഗത്തിന്റെ കാര്യം നോക്കട്ടെ. അതോടെ വലിയ വ്യത്യാസം ഉണ്ടാകുമെന്നും ഗോത്രകാര്യവകുപ്പിന്റെ മന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വിവാദമായതോടെ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് സുരേഷ് ഗോപി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞരുന്നു.