പണി സിനിമയിലെ പ്രകടനം കൊണ്ട് പ്രേക്ഷക മനസില്‍ ഇടംനേടിയ താരമാണ് സാഗറും ജുനൈസും. ചിത്രത്തില്‍ വില്ലന്മാരായെത്തി നായകനെ വിറപ്പിച്ച ഇരുവരുടേയും പ്രകടനത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകര്‍ നല്‍കിയത്. നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകനായെത്തിയ ചിത്രം കൂടിയാണ് പണി. സംവിധായകനെന്ന നിലയില്‍ ജോജുവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവക്കുകയാണ് സാഗര്‍. ജോജു ചേട്ടന്‍റെ കയ്യില്‍ നിന്നും നല്ല ചീത്ത വിളി കേള്‍ക്കുമെന്നും എന്നാല്‍ വൈകിട്ട് തങ്ങളോട് വന്ന് സംസാരിക്കുമെന്നും സാഗര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാഗര്‍.
'ചീത്തവിളി കേട്ടിട്ടുണ്ട്, അഭിനന്ദനങ്ങള്‍ കേട്ടിട്ടുണ്ട്. കാരണം സാധാരണ ഒരു സിനിമ പോലെയല്ല ഇത്. ഒരുപാട് ആളുകള്‍ക്കിടയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണ്. അത്രയും ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സിനിമ എടുക്കാന്‍ പാടാണ്. പിന്നെ എന്തൊക്കെ കാര്യങ്ങളാണ് ജോജു ചേട്ടന്‍ കൈകാര്യം ചെയ്യുന്നത്. ഒരു പടം സംവിധാനം ചെയ്യുന്നു, നിര്‍മിക്കുന്നു, എഴുതുന്നു, പ്രൊഡക്ഷന്‍, അതിനൊപ്പം അഭിനയിക്കണം, ഇതെല്ലാം കൂടി ഒരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ പാടാണ്.
പക്ഷേ എന്നും ചീത്ത പറഞ്ഞിട്ട് ജോജു ചേട്ടന്‍ രാത്രിയില്‍ വന്ന് സംസാരിക്കും, സാഗറേ, ജുനൈസേ ഞാന്‍ പലതും പറയും, ഒന്നും കാര്യമാക്കണ്ട, കേട്ട് വിട്ടേക്ക്, എന്‍റെ പ്രഷറ് നിനക്ക് ചിന്തിക്കാന്‍ പറ്റാത്തതാണെന്ന്. അത്യാവശം നല്ല രീതിയില്‍ മുതല്‍മുടക്കുള്ള സിനിമയാണ് എന്നൊക്കെ പറയും. ചെറിയൊരു ബജറ്റില്‍ നിര്‍മിച്ച സിനിമയല്ല. അതിന്‍റെ ടെന്‍ഷനും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ആ പ്രോസസിന്‍റെ കൂടെ അങ്ങ് പോയി. നല്ല രീതിയില്‍ അവസാനിച്ചു,' സാഗര്‍ പറഞ്ഞു.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിലെ അനുഭവ സമ്പത്തുമായാണ് 'പണി'ക്ക് പിന്നില്‍ തിരക്കഥാകൃത്തും സംവിധായകനുമായി ജോജു എത്തിയത്. ചിത്രത്തിൽ ജോജുവിൻറെ നായികയായി എത്തിയത് യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയയാണ്. ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
സാഗര്‍ പങ്കെടുത്ത അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് യൂട്യൂബ് ചാനലില്‍ കാണാം.