TOPICS COVERED

ജാതിയമായും മതപരമായും വേർതിരിക്കുന്ന കഥകൾ എടുത്ത് സിനിമകൾ ചെയ്യുന്നതിനോട് തനിക്ക് എതിർപ്പുണ്ടെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് ഇത്തരം ജാതി വേർതിരിവ് നടന്നിരുന്നതെന്നും ഇന്ന് ജാതി പോലുള്ള വേർതിരിവ്‌ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്​വുഡ്​സ് ടിവിയ്​ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോന്‍റെ പ്രസ്​താവന. 

'ആളുകളെ ജാതീയമായും മതപരമായും വേർതിരിക്കുന്ന കഥകൾ എടുത്ത് സിനിമകൾ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. ഇന്നത് ഇല്ല എന്നറിഞ്ഞുകൊണ്ടാണ് സിനിമകൾ ചെയ്യുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് ഇത്തരം ജാതി വേർതിരിവ് നടന്നിരുന്നത്. അത് വീണ്ടും സിനിമകൾ ആക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. ഈ കാലഘട്ടത്തിൽ അത്തരം സിനിമകൾ എടുക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ജാതി പോലുള്ള വേർതിരിവ്‌ ഇല്ലാത്തതുകൊണ്ടാണ് നമ്മൾ പണ്ട് നടന്നത് എടുത്ത് കാണിച്ചുക്കൊണ്ടിരിക്കുന്നത്. ആർക്കും ഇത്തരം സിനിമകൾ ഇന്ന് വേണ്ട,' ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. 

ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പഴ്​സാണ് ഒടുവില്‍ പുറത്തുവന്ന ഗൗതം വാസുദേവ് മേനോന്‍റെ ചിത്രം. മലയാളത്തില്‍ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്​ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായത്. ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ENGLISH SUMMARY:

Director Gautham Vasudev Menon says that he is against making films based on caste and religious divides. He added that such caste discrimination was going on in the eighties and nineties and today there is no caste-like discrimination.