image:facebook
തിയറ്ററുകളെ കുലുക്കിയ ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ് ഓടിടിയിലും തകര്‍ത്തോടുമ്പോള്‍ വീണ്ടും ആ വാക്ക് വൈറലാവുകയാണ്. വാണി വിശ്വനാഥിന്റെ സ്വാഗ്. ചിത്രത്തിലെ വില്ലന്‍ ഹനുമാന്‍ കൈന്‍ഡിനെ വാണി വിശ്വനാഥ് നേരിടുന്ന സീനിനെക്കുറിച്ചാണ് ഈ ആഘോഷം. ഏറെക്കാലത്തിനു ശേഷം പ്രിയപ്പെട്ട വാണി വിശ്വനാഥിനെ സ്ക്രീനില്‍ കണ്ട സ്നേഹം മുഴുവന്‍ സോഷ്യല്‍ ലോകം പ്രകടിപ്പിക്കുന്നത് ഈ ഒരൊറ്റ വാക്കിലാണ്. അത്രയും ഗംഭീര തിരിച്ചുവരവാണ് ചിത്രത്തില്‍ വാണി നടത്തിയിരിക്കുന്നതും. ബൊഗൈന്‍ വില്ലയില്‍ ജ്യോതിര്‍മയി തകര്‍ത്തപ്പോഴും ആ സ്വാഗില്‍ പ്രേക്ഷകസമൂഹം അമ്പരന്നു.
മമ്മൂട്ടി ചിത്രങ്ങള്‍ ഇറങ്ങുമ്പോഴും ഈ വാക്ക് നമ്മള്‍ അടുത്തിടെയായി കൂടുതല്‍ കേള്‍ക്കുന്നുണ്ട്, മമ്മൂക്കയുടെ ആ സ്വാഗ്! മലയാളത്തില്‍ ഫഹദിനും പ്രിഥ്വിരാജിനും ഉണ്ണിമുകുന്ദനുമൊക്കെ സ്വാഗ് വാഴ്ത്തുപാട്ടുകള്‍ വരാറുണ്ട്. തമിഴില്‍ ചിയാന്‍ വിക്രത്തിന്റെയും അജിത് കുമാറിന്റെയുമൊക്കെ ചിത്രങ്ങള്‍ക്കൊപ്പവും ഈ വാക്കും തരംഗമാണിപ്പോള്‍. സ്വാഗ്!. മമ്മൂട്ടിയും വാണിയും വിക്രവുമൊക്കെയായതുകൊണ്ട് സൗന്ദര്യമാണ് ഉദ്ദേശിക്കുന്നതെന്നു തോന്നിയാലും സംഗതി അതല്ല. ആത്മവിശ്വാസം സ്ഫുരിപ്പിക്കുന്ന കൂള്‍ ഭാവത്തെ വിശേഷിപ്പിക്കാനാണ് സ്വാഗ് എന്ന വാക്ക് ന്യൂ ജെന്‍ ഉപയോഗിക്കുന്നത്. വാച്യാര്‍ഥം ആത്മവിശ്വാസമെന്നൊന്നുമല്ല, നിഘണ്ടു നോക്കിയാല്‍ കൊള്ള മുതല്‍, കുലുക്കം, ഭാണ്ഡം അങ്ങനെ ഇപ്പറഞ്ഞ അര്‍ഥവുമായി ഒരു ബന്ധവുമില്ലാത്ത വാക്കുകളായിരിക്കും കിട്ടുന്നത്. വാക്കിന്‍റെ ഉദ്ഭവം നോക്കിയാല്‍ അങ്ങ് സ്കാന്‍ഡിനേവിയയില്‍ പോയി നില്‍ക്കും.
ഒടുക്കത്തെ മട്ടും ഭാവവും എന്നു പറയാനാണ് സ്വാഗ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നു ചുരുക്കം. എന്തായാലും സോഷ്യല്‍ മീഡിയ ജനറേഷന് ഇപ്പോള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ സ്വാഗ് ഇല്ലാതെ പറ്റില്ല. ഈ അര്‍ഥത്തിന്‍റെ ട്രാക്കിലേക്ക് സ്വാഗ് ഓടിക്കയറിയത് പക്ഷേ സോഷ്യല്‍ മീഡിയയിലൂടെയല്ല എന്നതാണ് കൗതുകം. സ്വാഗിന് ഈ സ്വാഗ് കിട്ടിയിട്ട് പത്തു പതിനഞ്ചു കൊല്ലമായിട്ടേയുള്ളൂ. റാപ്പര്‍മാരും ഹിപ് ഹോപ് സിങര്‍മാരുമാണ് സ്വാഗിനെ ഇത്രയും പ്രചാരത്തിലാക്കിയത്. വരികളിലല്ലാതെ തന്നെ പാട്ടുകാരുടെ താളമേള സമന്വയത്തെ വിശേഷിപ്പിക്കാനും സ്വാഗ് കിറുകൃത്യമാണ്. മീമുകളിലും ട്രോളുകളിലുമൊക്കെ തമാശ രൂപത്തിലും വൈറലാണ് സ്വാഗ്.
ഈ സ്വാഗ് എന്നേ ഞങ്ങളുടെ വാക്കായിരുന്നുവെന്നും ഇപ്പോള്‍ എന്തോ വലിയ കാര്യം കണ്ടു പിടിച്ചതുപോലെ 90s കിഡ്സ് സ്ഥാനത്തും അസ്ഥാനത്തും എടുത്തു പ്രയോഗിക്കുന്നതാണെന്നും 2K കിഡ്സ് ആക്ഷേപിക്കും. പക്ഷേ ഇപ്പോള്‍ എല്ലാ ജനറേഷനും സ്വാഗില്ലാതെ ആവേശമില്ല. അപ്പോള്‍ ഇനി ജനറേഷന്‍ ഓര്‍ത്ത് മടിച്ചു നില്‍ക്കണ്ട, സ്റ്റൈലിഷ് കോണ്‍ഫിഡന്‍സുമായി വേറിട്ടു നില്‍ക്കുന്നവരെ കണ്ടാല്‍ ധൈര്യമായി എടുത്തു വീശിക്കോളൂ. എന്തൊരു സ്വാഗ്!