വിവാഹം സംബന്ധിച്ച് തന്‍റേതെന്ന രീതിയില്‍ പുറത്തുവന്ന പ്രസ്താവനകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബോളിവുഡ് താരം തബു. വിവാഹത്തിനോട് താല്‍പര്യമില്ലെന്നും കിടക്ക പങ്കിടാന്‍ ഒരു പുരുഷനെ മതിയെന്നും തബു പറഞ്ഞെന്നായിരുന്നു പ്രചരിച്ചത്. ഈ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും ഇതില്‍ സത്യമില്ലെന്നുമാണ് താരത്തിന്‍റേതായി പുറത്തുവന്ന പ്രസ്താവന വ്യക്തമാക്കുന്നത് .
ഇതുസംബന്ധിച്ച് തബുവിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ടീമും നിലപാട് അറിയിച്ചു . 'തബുവിനെ കുറിച്ച് മാന്യമല്ലാത്ത പ്രസ്താവനകളുമായി നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും രംഗത്തെത്തിയിട്ടുണ്ട്. തബു ഒരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമ്മികതയുടെ ഗുരുതരമായ ലംഘനമാണെന്നും വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' പുറത്തുവിട്ട പ്രസ്താവനയില്‍ തബുവിന്‍റെ ടീം പറഞ്ഞു.
തബുവിന്‍റെ പേരില്‍ മാന്യമല്ലാത്ത പ്രസ്താവനകള്‍ പുറത്തുവിട്ടവര്‍ മാപ്പ് പറയണമെന്നും പ്രസ്താവനയില്‍ ആവശ്യമുണട് . 'ഈ വെബ്‌സൈറ്റുകൾ കെട്ടിച്ചമച്ച പ്രസ്താവനകള്‍ ഉടനടി നീക്കം ചെയ്യണമെന്നും അവരുടെ പ്രവൃത്തികൾക്ക് ഔപചാരികമായി മാപ്പ് പറയണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,' പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.