ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസി വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലും ആദ്യ ദിനം ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന് ശേഷം ഇറങ്ങിയ കങ്കണ ചിത്രങ്ങളില്‍ ആദ്യ ദിനത്തെ മികച്ച കളക്ഷനും എമര്‍ജന്‍സിയുടെ പേരിലാണ്.
ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത് 2.35 കോടി രൂപയുടെ കളക്ഷനാണ്. കോവിഡിന്ശേഷം കങ്കണ ചിത്രങ്ങളുടെ മികച്ച കളക്ഷനാണ് എമര്‍ജന്‍സി എന്നാണ് വിവരം. കഴിഞ്ഞ ചിത്രമായ തേജസ് ആദ്യ ദിനം 1.25 കോടി രൂപയാണ് നേടിയത്. കൂടുതല്‍ പേരും നൈറ്റ് ഷോയ്ക്കാണ് ചിത്രം കാണുന്നത്. മോര്‍ണിങ് ഷോയില്‍ 5.98 ശതമാനം മാത്രമാണ് കാഴ്ചക്കാരുണ്ടായതെങ്കില്‍ രാത്രി ഇത് 36.25 ശതമാനമാണ്. ഹിന്ദിയില്‍ ചിത്രത്തിന്‍റെ ഒക്യുപന്‍സി 19.26 ശതമാനമാണ്. ചെന്നൈയിൽ 25 ശതമാനവും മുംബൈയിൽ 23.75 ശതമാനവുമാണ് ഒക്യുപൻസി.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. കങ്കണ റണാവത്താണ് ഇന്ദിരയായി വേഷമിട്ടത്. ഫീൽഡ് മാർഷൽ സാം മനേക്ഷായി മിലിന്ദ് സോമൻ, ജയപ്രകാശ് നാരായൺ ആയി അനുപം ഖേർ, അടൽ ബിഹാരി ബാജ്‌പേയിയായി ശ്രേയസ് തൽപാഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ലെന്നും മഹത്തായ ഒരു കാലഘട്ട ചിത്രമാണെന്നും കങ്കണ റണാവത്ത് നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിനെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധിക്കുകയാണ്.
ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ശിരോമണി ഗുര്‍ദ്വാര പര്‍ബന്ദക് കമ്മിറ്റി(എസ്.ജി.പി.സി) രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ ചിലയിടങ്ങളില്‍ സിനിമയുടെ പ്രദര്‍ശനത്തിന് നിയന്ത്രണവുമുണ്ടായിരുന്നു. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സിഖ് സംഘടനകൾ പ്രതിഷേധിക്കുന്നത്.