Picture Credits @trishakrishnan
ക്രിസ്മസ് പുലരിയില്‍ തനിക്കും കുടുംബത്തിനുമുണ്ടായ തീരാനഷ്ടത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ച് നടി തൃഷ. ‘എന്‍റെ മകന്‍ മരിച്ചു’ എന്ന ഒരു കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷ സ്വന്തം മകനെപ്പോലെ താലോലിച്ചു വളര്‍ത്തിയ നായക്കുട്ടി സോറോയുടെ വിയോഗത്തെക്കുറിച്ചാണ് താരം പറയുന്നത്. ആ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്ന് കരകയറാന്‍ ചെറിയൊരു ഇടവേള എടുക്കുകയാണ് എന്നും തൃഷ.
തൃഷ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്;
‘ഈ ക്രിസ്മസ് പുലരിയില്‍ എന്‍റെ മകന്‍ സോറോ മരണപ്പെട്ടു. എന്നെ നന്നായി അറിയുന്നവര്‍ക്കറിയാം അവന്‍ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്. അവനില്ലാത്ത ജീവിതം എനിക്ക് അത്രമേല്‍ കഠിനമാണ്. ഞാനും എന്‍റെ കുടുംബവും അവന്‍റെ വിയോഗത്തിന്‍റെ ദുഃഖത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഇക്കാരണത്താല്‍ ജോലിയില്‍ നിന്നും കുറച്ചുദിവസത്തെ ഇടവേളയെടുക്കുകയാണ് ഞാന്‍.’
2012ലാണ് സോറോയെ തൃഷയ്ക്ക് ലഭിക്കുന്നത്. അന്നുമുതല്‍ സോറോയ്ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും തനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നുവെന്നാണ് തൃഷ പറയുന്നത്. സോറോയുടെ ചിത്രങ്ങളും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. സോറോയുടെ കുഴിമാടത്തിന്‍റെ ചിത്രങ്ങളും തൃഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.