നടന്‍ ഇന്ദ്രജിത്തിനൊപ്പമുള്ള മറക്കാനാകാത്ത ഒരനുഭവം പങ്കുവച്ച് നടനും സംവിധായകനുമായി ജിസ് ജോയ്. ഒരു കൈനോട്ടക്കാരി ഇന്ദ്രജിത്തിനോട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യമാണ് ജിസ് ജോയ് ഓര്‍ത്തെടുത്ത് പറയുന്നത്. ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന വിനയന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങിയതിനു തൊട്ടുപിന്നാലെ നടന്ന കാര്യങ്ങളാണിത്. സഫാരി ചാനലിലെ ഒരു പരിപാടിക്കിടെയാണ് ജിസ് ജോയുടെ ഓര്‍മപുതുക്കല്‍.
ജിസ് ജോയ് പങ്കുവച്ച അനുഭവം;
‘ഷൂട്ടിംഗില്ലാത്ത ഒരു ദിവസം ഇന്ദ്രജിത്തുമായി ജയസൂര്യ എന്റെ വാഴക്കാലയിലുള്ള വീട്ടിൽ വന്നിരിക്കുകയായിരുന്നു. അന്ന് പാലിയോ എന്ന ഒരു പുത്തന്‍ കാറുമാണ് ഇന്ദ്രജിത്ത് വന്നത്. നമ്പറൊന്നും കിട്ടിയിട്ടില്ല. ആ വണ്ടിയുമായിട്ട് വന്നിട്ട് വാ അളിയാ നമ്മുക്ക് ഒന്ന് എറണാകുളം വരെ പോകാം എന്ന് പറയുന്നു. അന്ന് ലുലുമാളൊന്നും ഇല്ല. ആകെ പോയിരിക്കാനുള്ള ഇടം ജി.സി.ഡിയാണ്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്‍റ് അതോരിറ്റി എന്നാണ് അതിന്‍റെ പൂര്‍ണനാമം. മറൈന്‍ ഡ്രൈവിലാണിത്. അന്ന് ഞങ്ങൾക്ക് പോകാൻ ആ ഒരു സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ പോയി കായലിലേക്ക് നോക്കി ഇരിക്കാം.
സുകുമാരനും കുടുംബവും (ഫയല്‍ ചിത്രം).
അന്ന് ഒരു ഞായറാഴ്ചയാണ്. ഞങ്ങൾ ഒത്തിരി കാര്യം പറഞ്ഞ് ഇങ്ങനെ ഇരിക്കുകയാണ്. ഇത്രയും വലിയ ഒരു നടന്റെ മകനെ അടുത്ത് പരിചയപ്പെടാൻ സാധിക്കുന്നു. ആ ഒരു സന്തോഷമൊക്കെയുണ്ടായിരുന്നു. ജയൻ ആ സമയത്ത് ഇന്ദ്രജിത്തിന്റെ സഹപ്രവർത്തകനായി മാറിക്കഴിഞ്ഞു. അങ്ങനെ ഞങ്ങൾ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തത്തയെ ഒക്കെ പിടിച്ച് കൈ നോക്കാൻ വേണ്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഒരു 67-68 വയസുള്ള ഒരമ്മ. ഞങ്ങളുടെ അടുത്തേക്ക് എത്തുന്നു. നമുക്ക് പിന്നെ സമയം കളയാൻ ഇല്ലാത്തത് കൊണ്ട് എന്നാൽ ഒന്ന് കൈ നോക്കിക്കളയാം എന്ന് പറയുന്നു. ജയസൂര്യ ആദ്യം കൈ കാണിക്കുന്നു. ജയസൂര്യയുടെ മുഖത്തേക്ക് നോക്കി കലാകാരനാണ്, കലാരംഗത്ത് വലിയ ആളാവും എന്ന് പറഞ്ഞു. അന്ന് ജയസൂര്യ എപ്പോഴും മൂകാംബിക കുങ്കുമം തൊടാറുണ്ട്. അപ്പോൾ അവനെ കണ്ടാൽ തന്നെ ഒരു കലാകാരൻ ലുക്കുണ്ട്. അന്ന് ജയസൂര്യ ചാനലിലൊക്കെ വന്ന് കണ്ടിട്ടുള്ളതു കൊണ്ട് അങ്ങനെ മനസ്സിലാക്കിയതാകാം എന്നു കരുതി. സിനിമയിലേക്ക് വരും എന്നൊക്കെ പറഞ്ഞു. എന്തായാലും ഒത്തിരി സന്തോഷമായി.
ഇതുകഴിഞ്ഞ് ഇന്ദ്രജിത്തിന്റെ കൈ നോക്കുന്നു. എന്നിട്ട് പറയുന്നു നിങ്ങളും കലാകാരനാണ്, ഗായകനാണ് എന്നൊക്കെ പറയുന്നു. കുറച്ച് കഴിഞ്ഞ് ഇന്ദ്രജിത്തിന്‍റെ കൈയുടെ ഒരുഭാഗത്ത് തൊട്ട് അവര്‍ ഇന്ദ്രന്റെ മുഖത്ത് നോക്കി. വീണ്ടും ഇതാവര്‍ത്തിച്ചു. എന്നിട്ട് പറഞ്ഞു, കുഞ്ഞിന്റെ അച്ഛൻ രാജ്യം ഭരിക്കേണ്ട ഒരാളാണ്. ഒത്തിരി പ്രജകളുണ്ടാകേണ്ട ആളാണ്. ആ പ്രജകളെ ഭരിക്കേണ്ട ആളാണ്. അത്രയും പേർ ആരാധിക്കേണ്ട ഒരാളാണ്.
ഞങ്ങൾ ഇത് വളരെ കൗതുകത്തോടെ കേട്ടുനിന്നു. ഇന്നും ആ അമ്മയുടെ മുഖം എന്റെ മനസിലുണ്ട്. ആരാണ് മോന്റെ അച്ഛൻ എന്ന് ചോദിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ കണ്ണുനിറഞ്ഞു. എന്റെ അച്ഛൻ സിനിമ നടനായിരുന്നു, സുകുമാരൻ. ഇത് കേട്ടതോടെ ആ സ്ത്രീ സുകുമാരന്റെ മകനാണോ എന്ന് ചോദിച്ചു. അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമായി എന്ന് പറഞ്ഞു. ഇത് വല്ലാത്ത ഒരു ഷോക്കായിപ്പോയി.’