Telugu actor Allu Arjun leaves from Gandhi Hospital after a medical check-up following his arrest, in Hyderabad
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചാണ് കോടതി ജാമ്യം നല്‍കിയത്. സൂപ്പര്‍ താരമെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ല. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്, എന്നാല്‍ കുറ്റം അല്ലുവിന്റേത് മാത്രമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
ജൂബിലിഹില്‍സിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അല്ലുവിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 5 മുതല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. അല്ലുവിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൈദരാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിന്റെ നാടകീയ നീക്കത്തില്‍ തെലുങ്ക് സിനിമാ ലോകവും നടുങ്ങി. സൂപ്പര്‍താരം ചിരഞ്ജീവിയടക്കം ചിത്രീകരണം നിര്‍ത്തിവച്ചു. ആരാധകര്‍ സംഘടിച്ചതും സ്ഥിതിഗതികള്‍ ആശങ്കാകുലമാക്കി.
കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.
നടന്‍റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരി രേവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തിയറ്റർ മാനേജ്മെന്‍റും കേസിൽ പ്രതികളാണ്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും.
അല്ലു അർജുന്‍റെ ബൗൺസർമാർ താരത്തിന് അടുത്തേക്ക് ആളുകൾ വരാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ ആണ് പ്രശ്നത്തിന് തുടക്കമിട്ടതെന്നാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തൽ. തിയറ്ററുടമകള്‍ താരത്തിന്റെ സന്ദർശനം അറിയിച്ചതുമില്ല. രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ചിക്കട്പ്പള്ളി പൊലീസാണ് കേസെടുത്തത്.