മലയാള ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍.കരുണിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. 2022ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും, ഗായിക കെ.എസ് ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ദേശീയ, രാജ്യാന്തര തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍ കരുണ്‍ എന്ന് ജൂറി വിലയിരുത്തി. നാല്‍പ്പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി എന്‍. കരുണ്‍ നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്.
ജി.അരവിന്ദന്റെ ക്യാമറാമാന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയോടൊപ്പം സഞ്ചരിച്ച ഷാജി സംവിധാനം ചെയ്ത പിറവി കാനില്‍ ഉള്‍പ്പടെ എഴുപതിലേറെ ചലച്ചിത മേളകളില്‍ പ്രശംസപിടിച്ചുപറ്റി. അദ്ദേഹത്തിന്റെ സ്വം എന്ന ചിത്രം കാന്‍മേളയില്‍ പാം ദിയോര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1998ല്‍ രൂപംകൊണ്ട ചലച്ചിത്ര അക്കാദമിയുടെ ആദ്യചെയര്‍മാനായിരുന്നു.