പൊതുപരിപാടിയില്‍ പങ്കെടുക്കാറുണ്ടെങ്കിലും നിറഞ്ഞ സദസില്‍ പൊതുവേ സംസാരിക്കുന്ന ആളല്ല കാവ്യ മാധവന്‍. സംസാരിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് ദിലീപ് ഒപ്പം കൂട്ടാറുള്ളതെന്നും ഇത്തവണ താന്‍ പെട്ടുപോയെന്നും പറയുകയാണ് കാവ്യ. ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അപ്രതീക്ഷിതമായായിരുന്നു നിറഞ്ഞ സദസിനു മുന്‍പില്‍ ദിലീപ് കാവ്യയെ സംസാരിക്കാനായി ക്ഷണിച്ചത്. ആദ്യം പരുങ്ങിയെങ്കിലും പിന്നീട് ഹൃദ്യമായി തനിനാടന്‍ ഭാഷയില്‍ കാവ്യ സംസാരിച്ച് സദസിനെ കയ്യിലെടുത്തു. രമേശ് പിഷാരടിയും ദിലീപും സംസാരിച്ചതിന് ശേഷമാണ് അടുത്തു നില്‍ക്കുകയായിരുന്ന കാവ്യയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്തവണ സംസാരിക്കുന്നത് തന്റെ കൂടി ആവശ്യമാണെന്ന് പറഞ്ഞാണ് കാവ്യ തുടങ്ങിയത്. അതേസമയം സംസാരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഇനി നമ്മള്‍ തമ്മില്‍ പ്രശ്നമൊന്നും വേണ്ടെന്ന ദിലീപിന്റെ തമാശയും സദസിനെ രസിപ്പിച്ചു. കരഘോഷങ്ങളോടെയാണ് ഇരുവരെയും സ്വീകരിച്ചത്.
കാവ്യ ദിലീപ് ജോഡിയെ ഇങ്ങനെ ഒരുമിച്ചു കാണുന്നതില്‍ സന്തോഷമെന്നാണ് വിഡിയോക്ക് താഴെയുള്ള കമന്റുകള്‍. മീശമാധവൻ സിനിമ ഓർമ വന്നു എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. കാവ്യയുടെ സൗന്ദര്യം കൂടിയത് സന്തോഷമുള്ള ജീവിതം കിട്ടിയതുകൊണ്ടാണ് എന്നും കമന്റുകൾ നിറയുന്നുണ്ട്..