വരുണ്‍ ധവാന്‍റെ പുതിയ ചിത്രം ബേബി ജോണിലെ ഗാനത്തിനെതിരെ വിമര്‍ശനം. 'പിക്ലി പോം' എന്ന പാട്ടിലെ മലയാളം വരികള്‍ക്കെതിരെയാണ് വിമര്‍ശനം വന്നിരിക്കുന്നത്. തമൻ എസ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം അലപിച്ചിരിക്കുന്നത് വിശാൽ മിശ്രയും ബേബി റിയ സീപാനയും ചേര്‍ന്നാണ്. കേരളത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ടിലെ വരികള്‍ മലയാളികളല്ല പാടിയിരിക്കുന്നത് എന്ന് വ്യക്തം. വരികളിലെ വികലമായ ഉച്ഛാരണം പലരും ചൂണ്ടിക്കാട്ടി.
മലയാളത്തെ ഇങ്ങനെ കശാപ്പ് ചെയ്യരുതെന്നാണ് അച്ചു സി ബാബു എന്ന എക്സ് അക്കൗണ്ടില്‍ നിന്നും വന്ന അപേക്ഷ. 'മലയാളം ഗായകര്‍ക്ക് ചിലവ് കൂടുതലാണോ? അതുകൊണ്ടാണോ ഒരു ഭാഷയെ കശാപ്പ് ചെയ്യാന്‍ തിരഞ്ഞെടുത്തത്. വാക്കുകള്‍ ശരിയായി ഉച്ചരിക്കാന്‍ സാധിക്കുന്നവരെ സംഗീത സംവിധായകരായ തമനും അനിരുദ്ധും പാടാന്‍ വിളിക്കുന്നില്ല. പുഷ്പയിലെ മലയാളം പാട്ട് ഒരുക്കിയ ദേവി ശ്രീ പ്രസാദിന് അഭിനന്ദനങ്ങള്‍' എന്നാണ് അച്ചു കുറിച്ചത്.
മുമ്പ് രജിനികാന്ത് ചിത്രം വേട്ടയനിലെ മനസിലായോ എന്ന പാട്ടിലെ വികലമായ മലയാളം വരികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. പിന്നാലെയാണ് ബേബി ജോണിലും വികലമായ മലയാളം ഉച്ഛാരണത്തോടെ പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.
അറ്റ്ലി–വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം തെരിയുടെ റീമേക്കാണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയാവുന്നത്. കലീശ്വരനാണ് ബേബി ജോണ്‍ സംവിധാനം ചെയ്യുന്നത്. പ്രിയ അറ്റ്ലി, ജ്യോതി ദേശ്പാണ്ഡെ, മുറാദ് കേതാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.