Untitled design - 1

അല്ലു അർജുന് പുഷ്പ 2ലൂടെ മാത്രം പ്രതിഫലമായി ലഭിച്ചത് എത്ര രൂപയാണെന്ന് വല്ല പിടിയുമുണ്ടോ? ഒന്നും രണ്ടുമല്ല.. 300 കോടി രൂപയാണ്. ഫോബ്‌സ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ വിജയോ രജനികാന്തോ ഒന്നും അല്ല. അത് അല്ലു അർജുനാണ്.

ഫിനാൻഷ്യൽ എക്‌സ്പ്രസിൻ്റെ റിപ്പോർട്ടിൽ, 2024-ലെ കണക്കനുസരിച്ച് അല്ലു അർജുൻ്റെ മൊത്തം ആസ്തി ഏകദേശം 460 കോടി രൂപയാണ്. കമൽ ഹാസൻ, രജനീകാന്ത്, വിജയ്, അജിത് കുമാർ, പ്രഭാസ് തുടങ്ങിയ സൂപ്പർ താരങ്ങൾ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തേക്കാൾ ഇരട്ടി തുകയാണ് അല്ലു അർജുൻ വാരുന്നത്.

ഇൻഡോർ ജിമ്മും നീന്തൽക്കുളവുമൊക്കെയുള്ള 100 കോടി രൂപ വിലമതിക്കുന്ന കൊട്ടാര സമാനമായ ആഡംബര ഭവനമാണ് ഹൈദരാബാദിൽ അല്ലു സ്വന്തമാക്കിയിട്ടുള്ളത്. അല്ലുവിന്റെ ആദ്യ ചിത്രം ഗംഗോത്രിയാണ്. ഈ ചിത്രം മലയാളത്തിൽ സിംഹകുട്ടി എന്നപേരിൽ മൊഴിമാറ്റം ചെയ്തിറക്കി. അത് ഒരു ശരാശരി വിജയം മാത്രമായിരുന്നു.

‘ആര്യ’ യാണ് അല്ലു അർജുന്റെ തലവര മാറ്റിയ ചിത്രം. കേരളത്തിൽ ഈ ചിത്രം വൻ തരം​ഗമായി മാറിയതാണ്. പിന്നീടങ്ങോട്ട് ബണ്ണി, ഹാപ്പി, കൃഷ്ണ തുടങ്ങി ഒട്ടേറെ പടങ്ങൾ ഹിറ്റാവുകയും അല്ലു യുവാക്കളുടെ ഹരമായി മാറുകയും ചെയ്തു. റേഞ്ച് റോവർ വോഗ്, ഹമ്മർ H2, ജാഗ്വാർ XJL, വോൾവോ XC90 T8 എക്സലൻസ് തുടങ്ങി അല്ലു അർജുന് ആഡംബര വാഹനങ്ങളുടെ ശേഖരം തന്നെയുണ്ട്. ഗീത ആർട്സ് എന്ന സിനിമാ നിർമ്മാണ കമ്പനിയും അല്ലുവിന്‍റെ  കുടുംബത്തിന്‍റേതായുണ്ട്. 2023 ലാണ് അല്ലു ഹൈദരാബാദിൽ മൾട്ടിപ്ലക്സ് സ്വന്തമാക്കിയത്. സ്വന്തം ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ‘ആഹാ’യുടെ ബ്രാൻഡ് അംബാസഡറം അല്ലു അർജുൻ തന്നെ. ‌

ഇപ്പോൾ അല്ലു അർജുന്റെ ചിത്രം തിയേറ്ററിലെത്തിയാൽ നിയന്ത്രിക്കാനാവാത്ത ജനപ്രവാഹമാണ്. പുഷ്പ ടു റിലീസ് പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ചതില്‍ അല്ലു അർജുനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട് . നടന്‍റെ ബൗൺസർമാർ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. തിയേറ്റർ മാനേജ്മെന്റും പ്രതികളാണ്.

ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെ ദുരന്തമാണ് പുഷ്പ 2-വിന്റെ റിലീസ് ആഘോഷങ്ങളിൽ കല്ലുകടിയായത്. നടന്‍ അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേ ഉണ്ടായ തിക്കിലും തിരക്കിലും കുടുംബ സമേതം സിനിമയ്ക്കെത്തിയ 39 വയസുള്ള രേവതിയെന്ന വീട്ടമ്മയ്ക്കാണ് ജീവൻ നഷ്ടമായത്. അല്ലു അർജുന്റെ ബൗൺ സർമാർ താരത്തിന് അടുത്തേക്ക് ആളുകൾ വരാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ ആണ് തിക്കിനും തിരക്കിനും തുടക്കമിട്ടതെന്നാണ് ഹൈദരാബാദ് പൊലീസിന്‍റെ കണ്ടെത്തൽ.

ENGLISH SUMMARY:

Allu Arjun's 2024 net worth