shelly-kishore

ഭിന്നശേഷിയുള്ള കുട്ടികള്‍ വ്യക്തിത്വവും ആത്മവിശ്വാസവും ഉള്ളവരാണെന്ന് നടി ഷെല്ലി കിഷോര്‍. അവരുടെ കഴിവുകൾ ഇനിയും പുറത്തുവരണമെന്നും ആരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കണമെന്നും ഷെല്ലി പറഞ്ഞു. സന്നദ്ധ സംഘടനയായ സ്റ്റെപ് അപ് ഇൻ്റർനാഷണൽ ട്രസ്റ്റ് ഭിന്നശേഷികുട്ടികൾക്കായി സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു താരം.

'എന്റെ ജീവിതം തന്നെ പറയാം.എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്, ജിഡിഡി ഉണ്ട്. ഇവിടെയുള്ള ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടാണ് ആദ്യം നന്ദി പറയാനുള്ളത്. വീട്ടിലോ മുറിക്കുള്ളിലോ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവു പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസ്സും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും വലിയ കാര്യം. എന്റെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണമെന്ന ചിന്ത നിങ്ങളുടെ മനസ്സിലുള്ളതിനാലാണ് അത്.

അധ്യാപകരോടാണ് രണ്ടാമതു നന്ദി പറയേണ്ടത്. ഈ ജോലിക്ക് ക്ഷമ ആവശ്യമാണ്. ഇവരെ സഹായിക്കാനും ഇവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും അധ്യാപകർ എടുക്കുന്ന പ്രയത്നം വളരെ വലുതാണ്. അതിനായി ഒരുപാട് ഊർജവും സമയവും വേണം. പിന്നെ നമ്മുടെ കുട്ടികൾ. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്. പക്ഷേ അതൊന്നുമല്ല നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വവും ആത്മവിശ്വാസവുമാണ് ഈ കാണുന്നത്. നിങ്ങളുടെ കഴിവുകൾ ഇനിയും പുറത്തുവരണം. ആരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുക,' ഷെല്ലി പറഞ്ഞു. 

ENGLISH SUMMARY:

Actress Shelly Kishore says differently-abled children have individuality and self-confidence