ബറോസിന്‍റെ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ഫോട്ടോയാക്കിയതോടെ ആവേശത്തില്‍ ഫാന്‍സ്. കട്ട വെയ്റ്റിങ് ലാലേട്ടാ എന്ന കമന്‍റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്‍റ് ബോക്സാകെ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലറിനെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായാണ് പടം തിയറ്ററുകളിലെത്തുന്നത്.
ആദ്യം ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും ഐ മാക്സ് പതിപ്പും പൂർത്തിയാക്കാനുള്ളതിനാല്‍ റീലീസ് തീയതി മാറ്റുകയായിരുന്നു.
മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം . മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു.