ഒരൊറ്റ ഗെയിം റിയാലിറ്റി ഷോ, 'ഉടൻ പണം' ആയിരം എപ്പിസോഡ് പിന്നിടുമ്പോൾ അത് മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ മഹാസംഭവമാണ്. ഈ ആയിരം എപ്പിസോഡുകൾക്ക് ആവേശമായതാകട്ടെ ഒന്നല്ല, രണ്ടല്ലാ, മൂന്നല്ല... ഏഴ് അവതാരകരും! കല്ലു, മാത്തു, ഡെയിൻ, മീനാക്ഷി, വെങ്കിടേഷ്, ട്വിങ്കി, കുക്കു, എന്നിങ്ങനെ മിന്നിത്തിളങ്ങിയ ഏഴു പേർ. ഒടുവിൽ ആ ഏഴ് അവതാരകരും ഒരുമിച്ച് ഒരു വേദിയിലെത്തുമ്പോൾ അത് ചരിത്രമാകുന്നു.
ഉടൻ പണം ജന മനസുകളിൽ ആവേശമായി മാറുമ്പോൾ മാത്തുവിനും കല്ലുവിനും അതിലുമപ്പുറം ആവേശത്തോടെ പറയാം 'മുന്നേറാനുള്ള ആവേശം തുടങ്ങി വച്ചതാരാ? ഞങ്ങളാണെന്ന്!' 2017 ലാണ് ഷോ ആരംഭിക്കുന്നത്. ആർ.ജെ മാത്തുക്കുട്ടി, രാജ് കലേഷ് എന്നിവരായിരുന്നു ഷോയുടെ ആദ്യ രണ്ടു സീസണിൽ അവതാരകരായതും. വടക്കുംനാഥന്റെ തിരുനടയിൽ നിന്നും ആരംഭിച്ച ജനകീയ ഷോ അങ്ങനെ റേറ്റിങ് ചാർട്ടിൽ വിജയക്കുതിപ്പാരംഭിച്ചു. കടൽ കടന്ന് യുഎഇയിലുമെത്തി.
മാത്തുവിനും കല്ലുവിനും ശേഷം ഡെയ്നും മീനാക്ഷിയും ചേർന്ന് ആ ആവേശം ഏറ്റെടുത്തു. കോവിഡ് കാലത്തും ഉടൻ പണം കാണാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്നു. ഉടൻ പണത്തിൻ്റെ അഞ്ഞൂറാം എപ്പിസോഡ് കളറാക്കിയതും ഡെയ്നും മീനാക്ഷിയും തന്നെ. ഇടയ്ക്ക് 200–ാം എപ്പിസോഡിൽ അതിഥികളായി ഡെയ്ൻ ഡേവിസിന്റെയും മീനാക്ഷി രവീന്ദ്രന്റെയും മാതാപിതാക്കളെത്തിയതും ഷോയുടെ മനോഹരമായ നിമിഷങ്ങളിലൊന്നായി.
ഔട്ട് ഡോർ ഗെയിം എന്ന നിലയിൽ ഇടം പിടിച്ച ഷോ ലോക്ഡൗൺ കാലത്ത് പുതിയ രൂപത്തിലും ഭാവത്തിലുമാണ് എത്തിയത്. ഇൻഡോർ, ഔട്ട് ഡോർ മൽസരങ്ങളെ സംയോജിപ്പിച്ചു. സാമൂഹ്യ അകലം പാലിക്കൽ സുരക്ഷാ മന്ത്രമായി മാറിയ മഹാമാരി കാലത്ത് മത്സരാർഥികൾ അവരവരുടെ വീട്ടിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തു.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡെയ്ൻ ഡേവിസ് ഷോയിൽ നിന്ന് വിട്ടു നിന്നപ്പോളാണ് കുക്കുവിൻ്റെ വരവ്. പല കളികളിലും സബ്സ്റ്റ്യൂട്ട് കളിക്കാനെത്തുന്ന കളിക്കാരെ കണ്ടിട്ടില്ലേ. സബ്റ്റിറ്റ്യൂട്ട് കളിച്ചു കളിച്ച് അവർ അങ്ങനെ മെയിൻ ആകും. അങ്ങനെ ഉടൻ പണത്തിലും സബ്റ്റിറ്റ്യൂട്ട് കളിച്ച മെയിനായ ആളാണ് കുക്കു.
പിന്നാലെ വെങ്കിടേഷും ട്വിങ്കിൾ ശീതളുമെത്തി. പ്രേക്ഷകർക്ക് അവർ പ്രിയപ്പെട്ട വെങ്കി- ട്വിങ്കി കോംബോയായി. ഇവരെ പേക്ഷകർക്ക് പരിചയപ്പെടുത്തി നൽകിയതാകട്ടെ നടൻ ജയറാമും. ഉടൻ പണം ആയിരം എപ്പിസോഡിൻ്റെ സുവർണ നിമിഷത്തിലെത്തുമ്പോൾ അവതാരകരായി ചേർന്നു നിൽക്കാനുള്ള ആവേശം വെങ്കിക്കും ട്വിങ്കിക്കും സ്വന്തം!
ഔട്ട്ഡോർ, ഇൻഡോർ, ഔട്ട്ഡോർ-ഇൻഡോർ, എന്നിങ്ങനെ പുതുമ നിറഞ്ഞ രീതികളിലാണ് അഞ്ചു പതിപ്പുകളായി ഷോ എത്തിയത്. ദൃശ്യ ചാരുതയിൽ, മനോഹരമായ സെറ്റിൽ, ആട്ടവും പാട്ടും എല്ലാം ചേർന്ന്, ഒരു പക്കാ എൻറ്റർടെയ്നർ. ഓരോ ദിവസവും വ്യത്യസ്ത വേഷങ്ങളിലെത്തുന്ന അവതാരകരും പ്രേക്ഷകർക്ക് ആവേശമായി. ബാഹുബലിയായും ദേവസേനയായും മുതൽ മുതൽ ആടു തോമയായും ജാക്കും റോസുമായും ശങ്കരൻ തമ്പിയും നാഗവല്ലിയുമായും രാജമാണിക്യമായുമെല്ലാം ഇവർ പ്രേക്ഷകർക്കിടയിലെത്തി. സാധാരണക്കാരുടെ ജീവിതാനുഭവവും ചേർന്നതോടെ റിയാലിറ്റി ഷോ എന്നതിൽ നിന്ന് റിയൽ ലൈഫ് സ്റ്റോറികളിലേയ്ക്ക് ഉടൻ പണം മാറി.
മനോരമമാക്‌സിന്റെ OKONG (ഒപ്പം കളിക്കാം ഒപ്പം നേടാം ഗെയിം) ഉം ഷോയുടെ കൗതുകകരമായ സവിശേഷതയായിരുന്നു. ഇതിലൂടെ പ്രേക്ഷകര്‍ക്കും, ടിവി മത്സരാര്‍ഥിയുടെ ഒപ്പം തന്നെ, അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തി, മത്സരാര്‍ഥി നേടുന്ന അതേ തുക തന്നെ സമ്മാനമായി നേടാനുള്ള അവസരം നൽകി.
ഒന്നിന് പകരമാവില്ല മറ്റൊന്ന് എന്ന രീതിയിലാണ് ഓരോ അവതാരക വ്യക്തിത്വങ്ങളും വേദിയിലെത്തിയത്. ഈ ഏഴ് പേരും മഴവില്‍ മനോരമയിലെത്തുന്നു. നവംബര്‍ 4 മുതല്‍ 8 വരെ രാത്രി 8.30ന് അത്യപൂര്‍വ്വമായ ഒരു കാഴ്ച്ചയ്ക്കാണ് മലയാള ടെലിവിഷന്‍ ചരിത്രത്തിലെ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ‘ഡങ്കണ്ണനായി’ സിനിമ സ്പൂഫുമായി കടന്ന് വരുന്ന ഡെയ്നിന്റെ വേഷ പകര്‍ച്ചയിലൂടെയാണ് ഉടന്‍ പണത്തിന്റെ ആയിരം എപ്പിസോഡുകള്‍ ആരംഭിക്കുന്നത്. സൈബര്‍ ലോകം ഇതിനോടകം ആ തിരിച്ച് വരവിനെ ആവേശത്തോടെയാണ് ഏറ്റെടുത്തുകഴിഞ്ഞു. ‘ഡങ്കണ്ണന്‍ കാണിക്കുമെന്ന് പറഞ്ഞാല്‍ കാണിക്കും!’ എന്താണ് കാണാന്‍ പോകുന്നതെന്നു തന്നെ കാത്തിരുന്ന് കാണാം.