1000-babies-hd

'ഇന്ന ജാതിക്കാരൻ ആണ് ഇന്ന മതക്കാരനാണ് എന്ന അഭിമാനത്തിന് ഒരു ഉറപ്പുമില്ല എന്ന് ആളുകളെ കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നു. നമ്മൾ മനുഷ്യൻ ആയാൽ മാത്രം മതി. മനുഷ്യൻ ഉണ്ടായ കാലത്ത് ഇവിടെ ദൈവങ്ങളില്ല, മതവുമില്ല. ഈ മതങ്ങൾക്കും ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുന്നേ മനുഷ്യൻ ഇവിടെ ഉണ്ട്. അപ്പോൾ ഏതു മതത്തിന്റെ പേരിലാണ് ആളുകൾ ഊറ്റം കൊണ്ടുകൊണ്ടിരുന്നത്,' പ്രക്ഷകര്‍ക്കിടയില്‍ തരംഗമായ '1000 ബേബീസ്' സംവിധായകന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു. 

പ്രേക്ഷക പ്രതികരണങ്ങളെ എങ്ങനെ കാണുന്നു?

സന്തോഷമുണ്ട്. വലിയ വലിയ സീരീസുകളുമായി താരതമ്യപ്പെടുത്തുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നും. തിരക്കുകൾക്കിടയിൽ ഇത്രയും മണിക്കൂർ നമ്മുടെ സീരീസിനായി മാറ്റിവെക്കുന്നുണ്ടല്ലോ. ചെയ്യുന്ന സിനിമയാണെങ്കിലും സീരിസാണെങ്കിലും അത് ലോകം മുഴുവൻ കാണുക എന്നുള്ളതാണ് ഏതൊരു സംവിധായകന്റെയും ആഗ്രഹം. നമ്മുടെ സിനിമകൾ നമ്മുടെ നാട്ടിൽ മാത്രം ഒതുങ്ങി പോകുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. കോവിഡിന് ശേഷം ആളുകൾ മലയാള സിനിമയെ വ്യാപകമായി കാണാൻ തുടങ്ങി. ഇന്ത്യ മുഴുവൻ മലയാള സിനിമയെ ശ്രദ്ധിക്കുന്ന സമയത്ത് ഈ സീരിസ് ചെയ്യാൻ സാധിച്ചു എന്നുള്ളതാണ് വലിയ കാര്യം. കേരളത്തിന് പുറത്തുനിന്നും ഒരുപാട് പേർ മെസ്സേജ് അയച്ചിരുന്നു. സീരിസ് പുറത്തുവന്ന് ഏറ്റവുമാദ്യം കൂടുതല്‍ പ്രതികരണങ്ങള്‍ വന്നത് ഹിന്ദിയില്‍ നിന്നുമാണ്. മലയാളം പ്രേക്ഷകര്‍ കാണുന്നതിനുമുമ്പ് തന്നെ ഹിന്ദിയിലെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞിരുന്നു. 

1000-babies-rahman

റഹ്​മാന്‍

മെയ്​ന്‍ തീമിന്‍റെ പുതുമയാണ് പ്രേക്ഷകരെ പ്രധാനമായും സീരിസിലേക്ക് ആകര്‍ഷിക്കുന്നത്. ലോക സീരിസുകളില്‍ തന്നെ അപൂര്‍വമോ പുതുമയുള്ളതോ ആണ് 1000ല്‍ അധികം കുട്ടികളെ മാറിപോകുന്ന തീം. സാധാരണ നാം അഭിമാനമായി കാണുന്ന തലമുറയുടെ പാരമ്പര്യം, സംസ്​കാരം, മതം, ജാതി ഉള്‍പ്പെടെ അട്ടിമറിക്കുന്ന ഒരു സംഗതി ആണിത്. ഇത്തരമൊരു കോണ്‍സെപ്​റ്റിലേക്ക് എങ്ങനെയാണ് എത്തിയത്?

രണ്ട് രീതിയിൽ ഇതിനെ കാണാം. ഒന്ന് സാറാമ്മച്ചി ചെയ്തിരിക്കുന്നത് ക്രൂരമായ ഒരു കുറ്റകൃത്യമാണ്. എന്നാൽ മറ്റൊരു രീതിയിൽ നോക്കുകയാണെങ്കിൽ സാറാമ്മച്ചി ചെയ്തത് ഒരു വലിയ വിപ്ലവമാണ്. ഇങ്ങനെ രണ്ട് രീതിയിലും കാണാം. എന്നാൽ നമ്മുടെ കാഴ്ചപ്പാടിൽ ഇതൊരു കുറ്റകൃത്യമാണ്. നമ്മൾ അഭിമാനിക്കുന്ന നമ്മുടെ പാരമ്പര്യത്തിൽ എത്രത്തോളം സത്യമുണ്ടെന്ന് നമുക്ക് അറിയില്ല. 2000 വർഷങ്ങൾക്കു മുമ്പുണ്ടായ മതങ്ങളുടെ പേരിലാണ് നമ്മളെല്ലാം അഭിമാനിക്കുന്നത്. ഇന്ന ജാതിക്കാരൻ ആണ് ഇന്ന മതക്കാരനാണ് എന്നുള്ള അഭിമാനത്തിന് ഒരു ഉറപ്പുമില്ല എന്ന് ആളുകളെ കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നു. നമ്മൾ മനുഷ്യൻ ആയാൽ മാത്രം മതി. മനുഷ്യൻ ഉണ്ടായ കാലത്ത് ഇവിടെ ദൈവങ്ങളില്ല, മതവുമില്ല. ഈ മതങ്ങൾക്കും ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുന്നേ മനുഷ്യൻ ഇവിടെ ഉണ്ട്. അപ്പോൾ ഏതു മതത്തിന്റെ പേരിലാണ് ആളുകൾ ഊറ്റം കൊണ്ടുകൊണ്ടിരുന്നത്. സിനിമയ്ക്ക് വേണ്ടി ആലോചിക്കുന്ന ചിന്തകളാണ് ഇതെല്ലാം. എന്റെ എല്ലാ സിനിമകൾക്കും വ്യത്യസ്തമായ ഒരു ജോണർ ഉണ്ട്. അങ്ങനെയൊരു ജോണർ ഉണ്ടെങ്കിലേ ഞാൻ എഴുതാൻ ഇരിക്കുകയുള്ളൂ, അതിനുവേണ്ടിയേ മെനക്കേടാറുള്ളൂ.

sarammachi-1000-babies

നീന ഗുപ്​ത

സഞ്ജു ശിവറാം, റഹ്​മാന്‍, നീന ഗുപ്ത എന്നിവരില്‍ തുടങ്ങി ചെറിയ റോളുകളിലേക്ക് വന്നവര്‍ വരെ മികച്ച പ്രകടനമാണ് കാഴ്​ച വച്ചത്? പ്രത്യേകിച്ച് സഞ്ജു ശിവറാമിന്‍റെ പ്രകടനം വളരെയേറെ പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. റഹ്​മാനേയും നീന ഗുപ്​തയേയും ഒഴിച്ചുനിര്‍ത്തിയാല്‍ പല അഭിനേതാക്കളും വേണ്ടരീതിയില്‍ ഉപയോഗിക്കപ്പെടാത്തവരോ ശ്രദ്ധിക്കപ്പെടാത്തവരോ ഒക്കെയാണ്? ഇവരിലേക്ക് എത്തപ്പെട്ടത് എങ്ങനെയാണ്?

അതൊരു ഡയറക്ടർ കോള്‍ തന്നെയാണ്. മെയിൻ ആർട്ടിസ്റ്റുകളെ ഒക്കെ ഞാൻ തന്നെയാണ് കാസ്റ്റ് ചെയ്തത്. ചെറിയ ആർട്ടിസ്റ്റുകള്‍ക്കായി കാസ്റ്റിംഗ് ഡയറക്ടർ ഉണ്ടായിരുന്നു. ഞങ്ങടെ നാട്ടിൽ നന്നായി പെർഫോം ചെയ്യാൻ അറിയാവുന്ന ആളുകളുടെ ബഹളമാണ്. പക്ഷേ ഇവർക്കൊന്നും ഇവിടെ സ്പേസ് ഇല്ല. ഇവിടുത്തെ പല വലിയ നടന്മാരെക്കാളും അഭിനയിക്കാൻ അറിയാവുന്ന ചെറിയ നടന്മാർ ഇവിടെയുണ്ട്. അവർക്കൊന്നും അവസരം കൊടുക്കുന്നില്ല. 

ഒരു ആർട്ടിസ്റ്റ് നന്നായി അഭിനയിച്ചാൽ അടുത്ത പടത്തിലേക്ക് അവനെ വിളിച്ചാൽ തന്നെക്കാൾ മുകളിലേക്ക് പെർഫോമൻസ് പോകുമോ എന്ന് ചോദിക്കുന്ന ഒരു മത്സരബുദ്ധി പോലും സിനിമയിലുണ്ട്. അതിന്റെ ഭാഗമായി നിൽക്കുന്ന ഒരുപാട് നടന്മാരുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ ആരെ കൊണ്ട് അഭിനയിപ്പിക്കാനും സന്തോഷമേയുള്ളൂ. പക്ഷേ അതിനു സമ്മതിക്കാത്തത് ഇവിടുത്തെ മാർക്കറ്റാണ്. ഏത് നടനാണ് സാറ്റലൈറ്റ് എന്നതാണ് നോക്കുന്നത്, അയാൾ ഒരു ഉഗ്രൻ ആക്ടർ ആണോ എന്നല്ല. മലയാളത്തിൽ ബിസിനസ് ഉള്ള പല നടന്മാരും നല്ല നടന്മാരല്ല. നല്ല ആർട്ടിസ്റ്റ് എന്ന് പറഞ്ഞാൽ നന്നായി പെർഫോം ചെയ്യാൻ അറിയാവുന്നവരാണ്. അല്ലാതെ മാർക്കറ്റ് ഉള്ള ആളെന്നല്ല. ബിസിനസ് ഉണ്ടെങ്കിൽ അവൻ നായകൻ. ഈ പറയുന്ന പല നടന്മാരുടെയും ഒരു പത്തു പടം പൊട്ടിയാൽ അവർ പുറത്തുപോകും. 

ഏത് നടനാണ് സാറ്റലൈറ്റ് എന്നതാണ് നോക്കുന്നത്, അയാൾ ഒരു ഉഗ്രൻ ആക്ടർ ആണോ എന്നല്ല

ഡെയ്​നെ പോലുള്ള നടൻമാർ തഴയപ്പെട്ടു പോയിട്ടുണ്ട്. അവനൊക്കെ ഉഗ്രൻ പൊട്ടൻഷ്യൽ ഉണ്ട്. നല്ല മേക്കറുടെ കയ്യിൽ അവരെ കിട്ടണം. അവരെക്കൊണ്ട് പെർഫോം ചെയ്യിപ്പിച്ച്  എടുക്കുക എന്നതാണ് നമ്മുടെ മിടുക്ക്. അവന്‍ തന്നെ ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ അവന് അഭിനയിക്കാന്‍ പറ്റുമോ എന്ന്. അതുപോലെ ഫ്രൈഡേ എന്ന എന്റെ ചിത്രത്തിലെ നായകന്മാരിൽ ഒരാളാണ് മനു. അവനാണ് ദേവൻ കുപ്ലേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേമിക്കാൻ വേണ്ടി മാത്രം വിളിച്ചിരുന്ന ചോക്ലേറ്റ് പയ്യനെ വിളിച്ചിട്ടാണ് ഞാൻ ആ കഥാപാത്രം ചെയ്യിപ്പിച്ചത്. ഞാൻ ഇത് ചെയ്യാൻ ശരിയാകുമോ എന്ന് അവനും അത്ഭുതമായിരുന്നു. മേക്കപ്പ് ഇട്ടുവരൂ, അപ്പോൾ നമുക്ക് കാണാം എന്നാണ് ഞാൻ പറഞ്ഞത്. പാലക്കാട് തത്തമംഗലം എന്ന സ്ഥലത്ത് രണ്ടുമാസം താമസിപ്പിച്ചാണ് അവനെക്കൊണ്ട് ആ പ്രാദേശിക ഭാഷ പഠിപ്പിച്ചത്. അവൻ നല്ല ഇരിഞ്ഞാലക്കുടക്കാരനാണ്. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. 

sanju-manu

സഞ്ജു ശിവറാം, മനു

വയലന്‍സും ന്യൂഡിറ്റിയും ഉള്‍പ്പെടെ മലയാളത്തില്‍ അങ്ങനെ കണ്ടിട്ടില്ലാത്ത രംഗങ്ങള്‍ പച്ചയ്ക്ക് തന്നെ സീരിസില്‍ ഉണ്ട്.  തെറി പറയുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. സാധാരണ മലയാള സിനിമയോ സീരിസുകളോ അപേക്ഷിച്ച് നോക്കുമ്പോള്‍ അതൊരു ഡെയറിങ് അറ്റംപ്​റ്റ് ആയിരുന്നില്ലേ? ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നോ?

എനിക്ക് പ്രത്യേകിച്ച് ഒരു ആശങ്കയുമില്ലായിരുന്നു. ഇതിലും തീവ്രമായി ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും ഇതൊക്കെ ചെയ്തിരിക്കണം. ഒരാളെ ഒന്ന് കെട്ടിപ്പിടിക്കാന്‍, ഒന്ന് ഉമ്മ വക്കാന്‍ തോന്നുകയാണെങ്കിൽ അതങ്ങ് പ്രകടിപ്പിക്കണം. ഒരു കഥാപാത്രത്തോട് ദേഷ്യം തോന്നണമെങ്കിൽ അവൻ അവന്‍റെ അമ്മയുടെ തലയടിച്ചു പൊളിക്കണം. കത്തികൊണ്ട് കുത്തുന്ന സീന്‍ വേണമെങ്കില്‍ ഫോറൻസിക് സർജനെ കൊണ്ട് പറയിപ്പിച്ചു നിർത്താം. അങ്ങനെയല്ല ഡീറ്റെയിലിങ്. ഈ സീരീസ് ഇത്രയും ചർച്ച ചെയ്യുന്നത് തന്നെ അതില്‍ മൈന്യൂട്ട് ആയിട്ടുള്ള ഡീറ്റെയിൽസ് ഉള്ളതുകൊണ്ടാണ്. 

സീരിസില്‍ ഒരു രാഷ്​ട്രീയ ധാരയെ അതിന്‍റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ബീഫ് കഴിക്കുന്ന രംഗമുള്‍പ്പെടെ പല രംഗങ്ങള്‍ക്കും സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നിട്ടുമുണ്ട്. അതിനുശേഷം ചില സോഷ്യല്‍ മീഡിയ പേജുകളില്‍ സംവിധായകനെ കടന്നാക്രമിച്ചുള്ള പോസ്​റ്റുകള്‍ കണ്ടിരുന്നു. അത് ശ്രദ്ധയില്‍ പെട്ടോ? നേരിട്ട് ഏതെങ്കിലും രീതിയില്‍ അത്തരം വിമര്‍ശനങ്ങളോ സൈബര്‍ അറ്റാക്കോ നേരിട്ടോ?

എനിക്ക് നേരത്തെ തന്നെ സൈബർ കൊണ്ട്. അതിനെ ഒരു രീതിയിലും മുഖവിലക്കെടുക്കാറില്ല. നമ്മൾ ചെയ്യുന്നത് ഒരു കലയാണ്. ആ മാധ്യമത്തിലൂടെ പറയേണ്ടതെല്ലാം പറഞ്ഞുകൊണ്ടിരിക്കും. സൗകര്യമുള്ളവർ കേൾക്കുക. വിമർശിക്കുന്നവർ വിമർശിക്കട്ടെ, നമുക്ക് ഒന്നുകൂടി ശുദ്ധീകരിക്കാൻ പറ്റുമല്ലോ. അവർക്കത് മനസ്സിലായല്ലോ, അതുമതി. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാകുന്നത്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്. മതത്തിന്റെ, ജാതിയുടെ പേരിൽ ആളുകളെ മാറ്റി നിർത്താതിരിക്കൂ. എന്റെ സോഷ്യൽ മീഡിയ വാളിലും മെസ്സഞ്ചറലും ഒക്കെ വന്ന് ആളുകൾ ചീത്ത വിളിക്കാറുണ്ട്. ആർട്ടിസ്റ്റിനെ ഒരു രീതിയിലും സൈബർ അറ്റാക്ക് ചെയ്യില്ല. ക്രിയേറ്റ് ചെയ്ത ആളെ തപ്പിയെടുത്തിട്ട് അയാളെ ആയിരിക്കും അറ്റാക്ക് ചെയ്യുന്നത്. 

najeem-koya

നജീം കോയ

നല്ല അച്ഛന്‍റേയും അമ്മയുടേയും മക്കള്‍ ഏത് മോശം സാഹചര്യത്തില്‍ വളര്‍ന്നാലും നന്നായി വരുമെന്നും മോശം മാതാപിതാക്കളുടെ മക്കള്‍ ഏത് നല്ല സാഹചര്യത്തില്‍ വളര്‍ന്നാലും മോശക്കാരന്‍ തന്നെയാവും എന്ന് സീരിസ് പറഞ്ഞുവക്കുന്നുണ്ടല്ലോ. ഒരാളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് അയാളുടെ ജന്മം മാത്രമാണോ, ചുറ്റുപാടുകളും മാതാപിതാക്കളും സ്വാധീനിക്കുന്നില്ലേ എന്ന ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളോട് എന്താണ് പറയാനുള്ളത്?

അച്ഛനും അമ്മയ്ക്കും ഷുഗർ ഉണ്ടായാൽ മക്കൾക്ക് ഷുഗർ വരും. പാരമ്പര്യമായി കിട്ടുന്ന ചില അസുഖങ്ങൾ ഉണ്ട്. അത് നമ്മളെ പിന്തുടരും അത് ആ ജീനിന്റെ കുഴപ്പമാണ്. പട്ടിയെ കൊണ്ടുവന്ന് പെയിന്റ് അടിച്ചു കുറുക്കാനായി വളർത്താൻ പറ്റുമോ. അതുപോലെ കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടും. കാക്ക ആഹാരം കൊടുത്ത് തന്റെ കുഞ്ഞാണെന്ന് കരുതി വളർത്തും. പക്ഷേ കുയിൽ കൂവുക തന്നെ ചെയ്യും. ആ ജീൻ ഒരിക്കലും പോവില്ല. 85 കാലഘട്ടത്തിൽ പഠിക്കാൻ വിട്ട സ്ഥലത്തുനിന്ന് ഒരു പ്രണയമുണ്ടായ പെൺകുട്ടിയാണ് രേണുവിന്റെ അമ്മ. കുഞ്ഞിനെ വേണ്ട, തിരിച്ച് നാട്ടിൽ പോകാമെന്ന് അമ്മയും മകളും കൂടി തീരുമാനമെടുക്കുകയാണ്. ആ കാലഘട്ടത്തിൽ അങ്ങനെ ചെയ്യുന്ന പെൺകുട്ടിയാണ്. അവരുടെ മകള്‍ വലുതായി വളർന്നു കഴിയുമ്പോൾ ആ ബോള്‍ഡ്​നെസൊക്കെ അവൾക്കും ഉണ്ടാകും. അത് ആ ജീനിന്റെ ആണ്. ഞാനീ പറയുന്ന ലെഗസി എന്ന് ഉദ്ദേശിക്കുന്നത് അതാണ്. അതിങ്ങനെ പിന്തുടരുകയല്ലേ. 

 സീരിസിന്‍റെ ക്ലൈമാക്​സില്‍ നമുക്ക് ചില സംശയങ്ങള്‍ തോന്നാം. പ്രേക്ഷകര്‍ പല തിയറികളും ആവിഷ്​കരിക്കുന്നുണ്ട്? സംവിധായകന്‍റെ തന്നെ ഉത്തരം എന്ന നിലയില്‍ ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?

രണ്ടാം ഭാഗം ഉണ്ടാകും. ഇപ്പോഴും 7 കുട്ടികളുടെ കഥകളെ പറഞ്ഞിട്ടുള്ളൂ. ഇനിയും1118 പേർ പുറത്തുണ്ട്.

സിനിമ നിരൂപണത്തെ പറ്റിയും വിമര്‍ശനത്തെ പറ്റിയും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്ന സമയമാണ്. സിനിമ വിമര്‍ശനത്തെ എങ്ങനെയാണ് കാണുന്നത്?

നമ്മൾ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് ആളുകൾക്ക് പറയേണ്ട ആവശ്യമില്ല. മോശമായി തോന്നുകയാണെങ്കിൽ ആളുകൾക്ക് അത് വിമർശിക്കാം. അതിനെന്താണ് കുഴപ്പം. എല്ലാ പ്രേക്ഷകനും കാശു മുടക്കിയിട്ടാണ് സിനിമ കാണുന്നത്. അവനെ തൃപ്തിപ്പെടുത്തുക എന്നതുകൂടിയുണ്ട്. അല്ലാതെ ഞാൻ ഇത്രയും കാശ് മുടക്കി ഒരു പടം എടുത്തിരിക്കുന്നു, അതുകൊണ്ട് പടം കാണുന്നവരൊക്കെ ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കാൻ പറ്റില്ല. എന്നാൽ ഈ പടം കാണല്ലേ, ഒന്നിനും കൊള്ളില്ല എന്നൊന്നും പറയാൻ പറ്റില്ല, ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ല എന്ന് പറഞ്ഞാൽ മതി. വിമർശനം ഇല്ലാതെ ഒരു നല്ല പരിപാടിയും ഉണ്ടാകില്ല. നന്നാക്കാൻ വേണ്ടിയാണല്ലോ അങ്ങനെ പറയുന്നത്. അതിനെ അങ്ങനെ കണ്ടാൽ മതി.  അല്ലെങ്കിൽ ഇവിടുത്തെ മിമിക്രിക്കാരെയൊക്കെ രാഷ്ട്രീയക്കാര്‍ വെടിവെച്ചു കൊല്ലണമല്ലോ. വലിയ വലിയ നേതാക്കളെ എത്രയോ വർഷമായി എത്ര മോശമായിട്ടാണ് ഓരോ വേദിയിലും അവതരിപ്പിച്ചിരിക്കുന്നത്. 

പ്രേക്ഷകര്‍ കാശു മുടക്കിയിട്ടാണ് സിനിമ കാണുന്നത്. അവരെ തൃപ്തിപ്പെടുത്തണം

വിമർശനം ഇല്ലാതെ ഒന്നും നന്നാവില്ല. 1000 ബേബീസ് എന്ന സീരീസ് കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയൂ. അതിന്റെ പ്രശ്നങ്ങൾ എടുത്ത് കാണിക്കൂ. അടുത്ത വർക്ക് ചെയ്യുമ്പോൾ അപ്പോൾ അതിനെപ്പറ്റി ആലോചിക്കും. അല്ലെങ്കിൽ ഇതൊന്നും ആ പ്രേക്ഷകരെ കാണിക്കാതിരിക്കുക. സിനിമ എന്ന് പറയുന്നത് ഒരു വ്യവസായമാണ്. അത് പ്രേക്ഷകർക്ക് കാണാൻ വേണ്ടിയാണ് പുറത്തേക്ക് വിടുന്നത്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യും. റിലീസ് ചെയ്തു കഴിഞ്ഞാൽ അതിനെ അങ്ങ് വിട്ടു കൊടുക്കുക. ഇനിയൊന്നും നമ്മുടെ കയ്യിൽ അല്ല. മോശം പറയുന്നവർ മോശം പറയട്ടെ, നല്ലത് പറയുന്നവർ നല്ലത് പറയട്ടെ. അത് കേൾക്കുക എന്നുള്ളത് നമ്മുടെ ബാധ്യതയാണ്. നമ്മൾ അത് കേൾക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ്.

ENGLISH SUMMARY:

Interview with Director Najeem Koya