ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കരിയറിന്‍റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കവെയാണ് നിഷാദ് യൂസഫ് വിടവാങ്ങുന്നത്. കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഏവരെയും വേദനയിലാഴ്ത്തി നിഷാദ് വിട പറയുന്നത്.
ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെയും എഡിറ്റർ നിഷാദ് ആയിരുന്നു.അടുത്തിടെ സൂര്യ നായകനായ ചിത്രത്തിന്‍റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യയ്ക്കൊപ്പം അടക്കം നില്‍ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു.
2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ്സ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ, നസ്‍ലിന്റെ ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.