സിനിമയിലേക്ക് എത്രയും പെട്ടന്ന് മടങ്ങിയെത്തുമെന്ന സൂചന നൽകി സുരേഷ് ഗോപി. സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി സുരേഷ് ഗോപി പറഞ്ഞു. ഒറ്റക്കൊമ്പൻ സിനിമയിലെ സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പിന്നിലെ യഥാർത്ഥ വ്യക്തിയായ പാലാ സ്വദേശി കുരുവിനാക്കുന്നേൽ കുറുവച്ചനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രതികരണം.
മന്ത്രി ആയതിനു പിന്നാലെ വെള്ളിത്തിരയിൽ സുരേഷ് ഗോപിയെ കാണാൻ ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ ഏറേയായി. കേന്ദ്ര മന്ത്രിയായിരിക്കെ സിനിമ അഭിനയം പ്രതിസന്ധിയാകുമെന്ന് കരുതുമ്പോഴാണ് പാലായിലെ കുരുവിനാക്കുന്നേൽ കുറുവച്ചന്‍റെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയത്.
കുറുവച്ചന്‍റെ ജീവിതത്തെ ആസ്പദമാക്കി സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. പൃഥ്വിരാജ് ചിത്രമായ കടുവയുമായുള്ള നിയമപ്രശ്നങ്ങൾ കാരണം സിനിമ നീണ്ടു പോകുക ആയിരുന്നു. നായികയുടെ കാര്യത്തിൽ അന്തിമ തീരുമാനമായാൽ ഒറ്റക്കൊമ്പൻ ഉടൻ തുടങ്ങും. അമിത് ഷാ അനുമതി നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തന്‍റെ കഥാപാത്രം തന്നെയാണോ സിനിമയിലുള്ളതെന്ന് അറിയില്ല എന്നായിരുന്നു കുറുവച്ചന്‍റെ പ്രതികരണം. മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്.