അഭിനയിച്ച കഥാപാത്രത്തിന്റെ പേരിലാണ് മോഹൻരാജ് അറിയപ്പെട്ടത്. തന്റെ കേരളമൊട്ടാകെ പ്രശസ്തനാക്കിയ കീരിക്കാടൻ ജോസ് എന്ന വേഷം തന്നെയാണ് മോഹൻരാജിന്റെ ഔദ്യോഗിക ജീവിതം തകർത്തതും. കേന്ദ്ര സർക്കാർ ജീവനക്കാരനായ മോഹൻരാജ് സിനിമയിൽ അഭിനയിച്ചതിന്റെപേരിൽ 20 വർഷമാണ് ജോലിയിൽനിന്നു പുറത്തുനിന്നത്.
Also Read: കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച നടന്‍ മോഹന്‍രാജ് അന്തരിച്ചു
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് മോഹൻരാജ് കിരീടത്തിൽ അഭിനയിക്കുന്നത്. കിരീടത്തിലെ വില്ലൻ ഹിറ്റായതോടെ മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിലായി മോഹൻരാജ്. കേന്ദ്ര സർവീസ് ജീവനക്കാരാൻ സിനിമയിൽ അഭിനയിക്കുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നാണ് ചട്ടം. ഇത് പാലിക്കാതെയായിരുന്നു മോഹൻരാജിന്റെ അഭിനയം.
സിനിമയിൽ പ്രശസ്തനായതോടെ ഇത് വിവാദമാവുകയും മോഹൻരാജ് സസ്പെൻഷനിലാവുകയുമായിരുന്നു. ഇതിനെതിരെ മോഹൻരാജ് തുടങ്ങിയ നിയമപോരാട്ടം അന്ത്യം കണ്ടത് 20 വർഷത്തിനുശേഷമാണ്. 2010 ൽ ജോലി തിരികെ ലഭിച്ചെങ്കിലും സർവീസ് തിരികെ ലഭിച്ചില്ല. പിന്നീട് ജോലിയിലെ മടുപ്പ് കാരണം 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിക്കുയായിരുന്നു മോഹൻരാജ്.
വ്യാവാഴ്ച വൈകീട്ട് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു മോഹൻരാജിന്റെ അന്ത്യം. കിരീടം സിനിമയുടെ നിർമാതാവായ ദിനേഷ് പണിക്കരും മോഹൻരാജിന്റെ നിര്യാണത്തിൽ അനുശോചിച്ചു. മൂന്നാംമുറ, കനൽക്കാറ്റ്, ആറാം തമ്പുരാൻ, നരസിംഹം, ഉപ്പുകണ്ടം ബ്രദേഴ്സ് ശ്രദ്ധേയ ചിത്രങ്ങൾ.