അന്തരിച്ച മോഹൻ രാജ് കേന്ദ്ര സർക്കാർ ജോലിക്കിടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ചെന്നൈയിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന സമയത്താണ് ആകസ്മികമായി സിനിമയിൽ അഭിനയിക്കുന്നത്. ആദ്യം ‘കഴുമലൈ കള്ളൻ’, ‘ആൺകളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചു. എന്നാൽ സംവിധായകൻ ലോഹിതദാസിന്റെ ഒറ്റനോട്ടത്തിലാണ് മോഹൻ രാജ് കീരിക്കാടൻ ജോസായി.
സംവിധായകൻ കലാധരനാണു കിരീടത്തിന്റെ സെറ്റിലേക്ക് മോഹൻരാജിനെ കൊണ്ടുപോകുന്നത്. ഇവിടെയും ആക്സമികമായാണ് അദ്ദേഹത്തിന് വേഷം ലഭിക്കുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടൻ ജോസിന്റെ വേഷം ചെയ്യാൻ സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്.
പറഞ്ഞദിവസം നടന് എത്താൻ സാധിച്ചില്ല. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹൻരാജിനെ കലാധരന്റെ മുറിയിൽവച്ചു കണ്ട സിബി മലയിൽ കീരിക്കാടൻ ജോസിനെ ഉറപ്പിക്കുകയായിരുന്നു. പിന്നീട് ലോഹിതദാസും മോഹൻരാജിനെ കാണാനെത്തി. ഹോട്ടലിലെ ലിഫ്റ്റിനടുത്തുവച്ചു ലോഹിതദാസ് ഒറ്റനോട്ടത്തിൽ തന്നെ മോഹൻരാജിനെ തിരഞ്ഞെടുത്തു.
2015 ൽ സർക്കാർ ജോലി സ്വമേധയ ഒഴിഞ്ഞ് സിനിമയിൽ സജീവമാകാനായിരുന്നു മോഹൻരാജിന്റെ തീരുമാനം. എന്നാൽ സിനിമയുടെ വേഗത്തിനൊപ്പമെത്താൻ അദ്ദേഹത്തിനായില്ല. ന്യൂജൻ മലയാള സിനിമയിൽ സ്ഥാനമില്ലാഞ്ഞതോടെ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. അതിന് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഡ്രൈവർ ജോസ് എന്ന കഥാപാത്രമായിരുന്നു ഈ സിനിമയിൽ. എന്നാൽ എഡിറ്റിങ് വേളയിൽ വേഷം വെട്ടിമാറ്റപ്പെട്ടുകയായിരുന്നു.