image: facebook

image: facebook

15 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി അറിയിച്ചുള്ള ജയം രവിയുടെ സമൂഹമാധ്യമ പോസ്റ്റില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ഭാര്യ ആരതി. തന്‍റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി വിവരം പുറത്തുവിട്ടതെന്നും  കുറച്ചു കൂടി സ്വകാര്യത ആ വിഷയം കൈകാര്യം ചെയ്ത രീതി അര്‍ഹിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

'ഞങ്ങളുടെ വിവാഹബന്ധത്തെ സംബന്ധിച്ച് പൊതുവിടത്തില്‍ പങ്കുവയ്ക്കപ്പെട്ട വിവരത്തില്‍ അങ്ങേയറ്റം ദുഖവും ആഴത്തിലുള്ള നടുക്കവുമുണ്ട്. എന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ആ വാര്‍ത്ത പങ്കുവയ്ക്കപ്പെട്ടത്. ആ വിഷയം കുറച്ചു കൂടി ബഹുമാനത്തോടെ, ദയാപൂര്‍വം, അര്‍ഹിക്കുന്ന സ്വകാര്യത നല്‍കി കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് 18 വര്‍ഷത്തെ സഹജീവിതത്തില്‍ നിന്നും ഞാന്‍ വിശ്വസിക്കുന്നത്.  വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ആ തീരുമാനം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ഒരിക്കലും കുടുംബത്തിന്‍റെ നന്‍മയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. മക്കളുടെ ക്ഷേമത്തിനാകും ഇന്നും എന്നും തന്‍റെ പ്രഥമ പരിഗണനയെന്നും ആരതി കുറിച്ചു. 

പലതവണ ജയം രവിയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും പൊതുവിടത്തില്‍ ജയംരവി നടത്തിയ പ്രസ്താവന മക്കളെ ബാധിക്കുന്നതും തന്നെ കുറ്റപ്പെടുത്തുന്നതും തന്‍റെ കുടുംബത്തെ ബാധിക്കുന്നതുമാണെന്നും അവര്‍ തുറന്നടിച്ചു. 

സമൂഹമാധ്യമമായ എക്സിലൂടെ ജയം രവി വിവാഹമോചന വാര്‍ത്ത പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആരതി മൗനം അവസാനിപ്പിച്ച് താരത്തിനെതിരെ രംഗത്തെത്തിയത്. തമിഴിലും ഇംഗ്ലിഷിലുമായി പങ്കുവച്ച കുറിപ്പില്‍ ഏറെ പ്രയാസകരമായ ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്നേഹത്തിനും പരിഗണനയ്ക്കും നന്ദിയെന്നുമായിരുന്നു താരത്തിന്‍റെ കുറിപ്പ്..ജയം രവിയുടെ കുറിപ്പിങ്ങനെ.. 'ജീവിതം ഒരുപാട് അധ്യായങ്ങളുള്ള ഒരു യാത്രയാണ്. അതിലോരോന്നിലും ഓരോ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിട്ടുണ്ട്. സ്ക്രീനിലും പുറത്തുമായി നിങ്ങളില്‍ പലരും എന്‍റെ ഈ യാത്രയില്‍ ഒപ്പം ചേര്‍ന്നിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നാല്‍ കഴിയുന്ന വിധത്തില്‍ സുതാര്യമായും സത്യസന്ധമായും ഇടപെടാന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. 

വളരെയധികം ഹൃദയഭാരത്തോടെ ജീവിതത്തിലെ വളരെ സ്വകാര്യമായ ഒരു കാര്യം നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കുകയാണ്.സുദീര്‍ഘമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയെന്ന പ്രയാസമേറിയ തീരുമാനം ഞാന്‍ കൈക്കൊള്ളുകയാണ്. ഒരിക്കലും തിടുക്കപ്പെട്ട് കൈക്കൊണ്ട തീരുമാനമല്ലിത്. എല്ലാവരുടെയും നല്ലതിനായി ഈ തീരുമാനം മാറുമെന്നാണ് ഞാന്‍ കരുതുന്നത്.ഈ ഘട്ടത്തില്‍ ഞങ്ങളുടെ ഇരുവരുടെയും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ നിങ്ങള്‍ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. മറ്റെല്ലാത്തരം നിഗമനങ്ങളില്‍ നിന്നും കിംവദന്തികളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും തികച്ചും സ്വകാര്യമായ ഒന്നായി ഇക്കാര്യത്തെ വിടണമെന്നും ആവശ്യപ്പെടുകയാണ്. ഇക്കാലമത്രയും ചെയ്തുവന്നത് പോലെ സന്തോഷവും ആനന്ദവും എന്‍റെ പ്രേക്ഷകര്‍ക്ക് സിനിമയിലൂടെ നല്‍കുകയെന്നതില്‍ തന്നെയാവും എന്‍റെ ശ്രദ്ധ. ഞാനെന്നും നിങ്ങളുടെ ജയം രവി തന്നെയായിരിക്കും. നിങ്ങളുടെ നിരന്തരമായ പിന്തുണയാണെനിക്ക് എല്ലാം. നിങ്ങള്‍ ഈ വര്‍ഷങ്ങളിലത്രയും കാണിച്ച സ്നേഹത്തിന് ഞാന്‍ കടപ്പെട്ടവനായിരിക്കും.'

ENGLISH SUMMARY:

'Deeply shocked and saddened by the recent public announcement regarding our marriage, which was made without my knowledge or consent', says Aarati on Jayam Ravi's public announcement of their separation. She emphasized the need for privacy and respect, particularly for their children.