aarti-jayam

ആരതിയ്ക്കൊപ്പമുള്ള 15 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് നടന്‍ ജയംരവി ഔദ്യോഗികമായി അറിയിച്ചത്. സമൂഹമാധ്യമം എക്സിലൂടെയായിരുന്നു സ്ഥിരീകരണം. ഏറെ നാളായി ഇരുവരും അകന്നാണ് കഴിഞ്ഞിരുന്നത്.  2009ലാണ് ജയംരവിയും നിര്‍മാതാവ് സുജാത വിജയകുമാറിന്റെ മകളും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു ആണ്‍മക്കളുമുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടും തന്റെ മരൈറ്റല്‍ സ്റ്റാറ്റസ് മാറ്റാതെ നിലനിര്‍ത്തിയിരിക്കുകയാണ് ആരതി .ഇതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. Married to @jayamravi_officil എന്ന വിവരണമാണ് ഇതുവരെയും ആരതി മാറ്റാതെവച്ചിരിക്കുന്നത്. 

എല്ലാവരുടെയും നന്‍മക്കായി ഒരുപാട് ആലോചിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ്  വിവാഹബന്ധം അവസാനിപ്പിച്ചതെന്ന് ജയംരവി ഇതേകുറിച്ച് പറഞ്ഞത്.  ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന് കുറച്ച് മാസങ്ങളായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.  തമിഴിലും ഇംഗ്ലിഷിലുമായി പങ്കുവച്ച കുറിപ്പില്‍ ഏറെ പ്രയാസകരമായ ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്നേഹത്തിനും പരിഗണനയ്ക്കും നന്ദിയെന്നും താരം കുറിച്ചു. 

ജയം രവിയുടെ കുറിപ്പ്–. 'ജീവിതം ഒരുപാട് അധ്യായങ്ങളുള്ള ഒരു യാത്രയാണ്. അതിലോരോന്നിലും ഓരോ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിട്ടുണ്ട്. സ്ക്രീനിലും പുറത്തുമായി നിങ്ങളില്‍ പലരും എന്‍റെ ഈ യാത്രയില്‍ ഒപ്പം ചേര്‍ന്നിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നാല്‍ കഴിയുന്ന വിധത്തില്‍ സുതാര്യമായും സത്യസന്ധമായും ഇടപെടാന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. വളരെയധികം ഹൃദയഭാരത്തോടെ ജീവിതത്തിലെ വളരെ സ്വകാര്യമായ ഒരു കാര്യം നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കുകയാണ്. 

സുദീര്‍ഘമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയെന്ന പ്രയാസമേറിയ തീരുമാനം ഞാന്‍ കൈക്കൊള്ളുകയാണ്. ഒരിക്കലും തിടുക്കപ്പെട്ട് കൈക്കൊണ്ട തീരുമാനമല്ലിത്. എല്ലാവരുടെയും നല്ലതിനായി ഈ തീരുമാനം മാറുമെന്നാണ് ഞാന്‍ കരുതുന്നത്.

ഈ ഘട്ടത്തില്‍ ഞങ്ങളുടെ ഇരുവരുടെയും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ നിങ്ങള്‍ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. മറ്റെല്ലാത്തരം നിഗമനങ്ങളില്‍ നിന്നും കിംവദന്തികളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും തികച്ചും സ്വകാര്യമായ ഒന്നായി ഇക്കാര്യത്തെ വിടണമെന്നും ആവശ്യപ്പെടുകയാണ്. ഇക്കാലമത്രയും ചെയ്തുവന്നത് പോലെ സന്തോഷവും ആനന്ദവും എന്‍റെ പ്രേക്ഷകര്‍ക്ക് സിനിമയിലൂടെ നല്‍കുകയെന്നതില്‍ തന്നെയാവും എന്‍റെ ശ്രദ്ധ. ഞാനെന്നും നിങ്ങളുടെ ജയം രവി തന്നെയായിരിക്കും. നിങ്ങളുടെ നിരന്തരമായ പിന്തുണയാണെനിക്ക് എല്ലാം. നിങ്ങള്‍ ഈ വര്‍ഷങ്ങളിലത്രയും കാണിച്ച സ്നേഹത്തിന് ഞാന്‍ കടപ്പെട്ടവനായിരിക്കും.' മാസങ്ങള്‍ക്ക് മുന്‍പ് ജയംരവിയുമൊത്തുള്ള ചിത്രങ്ങള്‍ ആരതി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോചന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.