ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബംഗാളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. തൊഴിലിടത്തില്‍ നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് ബംഗാളിലെ അഭിനേത്രിയാണ് തുറന്ന് പറയുന്നത്. പ്രമുഖ ബംഗാളി സംവിധായകനായ അരിന്ദം സില്‍ ഷൂട്ടിങിനിടെ തന്നെ ബലമായി പിടിച്ച് അയാളുടെ മടിയില്‍ ഇരുത്തിയെന്നും സമ്മതം കൂടാതെ ചുംബിച്ചുവെന്നുമാണ് നടിയുടെ പരാതി. ലൈംഗിക അതിക്രമം കാണിച്ച അരിന്ദം സില്‍ ഇപ്പോള്‍ കൊല്‍ക്കത്ത സ്ത്രീകളുടെ തെരുവ് കീഴടക്കല്‍ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതോടെയാണ് ഇരട്ടത്താപ്പ് തുറന്നുകാട്ടി നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏപ്രില്‍ മൂന്നിന് 'ഏക്തി ഖുനിര്‍ സന്ദാനെ മിതിന്‍' എന്ന സിനിമയുടെ ഷൂട്ടിങിനിടെ റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് നടി പറയുന്നതിങ്ങനെ..'ആദ്യം അദ്ദേഹമെന്നോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടനടി നിരസിച്ചു. അതോടെ ഇരുന്നേ പറ്റൂവെന്ന് ആജ്ഞാപിച്ചു. എല്ലാവരും നോക്കി നില്‍ക്കെ എനിക്ക് അതനുസരിക്കാതെ നിര്‍വാഹമില്ലായിരുന്നു. ഇരുന്നതിന് പിന്നാലെ അയാള്‍ എന്നെ ബലമായി കവിളില്‍ ഉമ്മ വച്ചു. ഞാന്‍ നടുങ്ങിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല, ഞാന്‍ ഉടന്‍ തന്നെ എഴുന്നേറ്റ് മാറി. അദ്ദേഹമാവട്ടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ നിഷ്കളങ്കനായി ജോലി തുടര്‍ന്നു. ആളുകള്‍ ഒരു തമാശയെന്നോണം ഇത് കണ്ട് ചിരിച്ച് നില്‍ക്കുകയായിരുന്നു. മോണിറ്റര്‍ നോക്കിയതിന് ശേഷം സംവിധായകന്‍ എഴുന്നേറ്റ് വന്നതോടെ ഇത് ശരിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ 'നിനക്കത് ഇഷ്ടമായില്ലേ?' എന്നായിരുന്നു മറുപടി'യെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇനി ഇത്തരം നടപടികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാമെന്നും ഒരാളെ എപ്പോഴും ഒപ്പം നിര്‍ത്താമെന്നും നിര്‍മാണ കമ്പനി ഉറപ്പ് നല്‍കിയതോടെയാണ് താന്‍ ഷൂട്ട് തുടര്‍ന്നതെന്നും വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഷൂട്ട് പകുതിയിലിട്ട് താന്‍ പോയാല്‍ അത് ചിത്രത്തിലെ എല്ലാവരെയും ബാധിക്കുമെന്നതിനാല്‍ സങ്കീര്‍ണമായ ആ അവസ്ഥയിലും താന്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാള്‍ വനിതാ കമ്മിഷനില്‍ ജൂലൈയിലാണ് നടി ആദ്യം പരാതി നല്‍കിയത്. ഇതില്‍ ജൂലൈ 21ന് ആദ്യ വാദം കേള്‍ക്കലും നടന്നു. തുടര്‍ന്ന് സംവിധായകരുടെ സംഘടനയില്‍ നിന്ന് അരിന്ദത്തെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാല്‍സംഗക്കൊലപാതകത്തിന് പിന്നാലെ അരിന്ദം സ്ത്രീകളുടെ സംരക്ഷകന്‍ ചമയാനെത്തുന്നത് തെറ്റായ സന്ദേശമാകുമെന്നതിനാലാണ് താന്‍ തുറന്ന് പറയുന്നതെന്നും അവര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ആ പെരുമാറ്റം ബോധപൂര്‍വമല്ലെന്നും പെട്ടെന്ന് സംഭവിച്ച് പോയതാണെന്നുമായിരുന്നു അരിന്ദം സിലിന്‍റെ വിശദീകരണം. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും താല്‍പര്യമുണ്ടോയെന്ന് പോലും ചോദിക്കാതെയാണ് അരിന്ദം ചുംബിച്ചതെന്നുമായിരുന്നു നടിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ അക്കാര്യമൊന്നും തന്‍റെ മനസില്‍ ഇല്ലെന്നും അവര്‍ക്ക് തന്‍റെ ഭാഗത്ത് നിന്നുണ്ടായ ബോധപൂര്‍വമല്ലാത്ത നടപടിയില്‍ താന്‍ ഖേദിക്കുന്നുവെന്നുമാണ് സില്‍ മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചത്. സംഭവത്തില്‍ താന്‍ നിയമോപദേശം തേടുകയാണെന്നും ശേഷമൊക്കെ വരുംപോലെ വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ പറയാന്‍ അവകാശമുണ്ടെന്നും പക്ഷേ സത്യം അവര്‍ക്കറിയില്ലെന്നും അരിന്ദം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബോധപൂര്‍വം സംഭവിച്ചതല്ലെന്നും മറ്റുമുള്ള അരിന്ദത്തിന്‍റെ മാധ്യമ വിശദീകരണം അപലപിക്കപ്പെടേണ്ടതാണെന്നും മോശമായി പെരുമാറിയിട്ട് ഇങ്ങനെ ന്യായീകരിക്കുന്നത് നിയമവഴിയേ നേരിടുമെന്നും നടി പറഞ്ഞു.