നിശാന്തുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനുമായ സീമ വിനീത്. അഞ്ച് മാസം മുന്‍പായിരുന്നു നിശാന്തുമായുള്ള സീമയുടെ വിവാഹ നിശ്ചയം. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി സമൂഹമാധ്യമങ്ങളിലൂടെയാണ് സീമ അറിയിച്ചത്.
'തികച്ചും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നും സീമ വ്യക്തമാക്കുന്നു. ‘‘ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. നന്ദി... സീമ വിനീത്’, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെയായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സീമ എല്ലാവരേയും അറിയിച്ചത്. പരസ്പരം മോതിരം അണിയിക്കുന്ന ചിത്രങ്ങളും അന്ന് പങ്കുവെച്ചിരുന്നു.