സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി ചലച്ചിത്ര താരം ഹണി റോസ്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് (HRV) എന്ന പേരിലാകും കമ്പനി അറിയപ്പെടുക. പിറന്നാള്‍ ദിനമായ ഇന്നലെയാണ് താരം തന്‍റെ നിര്‍മാണ കമ്പനിയുടെ ലോഗോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇന്നുവരെ ആരാധകരും പ്രേക്ഷകരും നല്‍കിയ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം കുറിപ്പില്‍ പറഞ്ഞു.
നിര്‍മാണ കമ്പനിയുടെ വിവരങ്ങള്‍ പങ്കുവച്ച് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിങ്ങനെ..'നിരവധിപ്പേര്‍ക്ക് സിനിമ ഒരു സ്വപ്നവും, മായാലോകവും, പ്രചോദനവുമെല്ലാമാണ്. കഴിഞ്ഞ 20 വര്‍ഷമായി സിനിമയ്ക്കൊപ്പം, സിനിമയുടെ ഭാഗമായി സഞ്ചരിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. എന്‍റെ യൗവ്വനത്തില്‍, ജീവിതത്തില്‍, ജീവിതാനുഭവങ്ങളില്‍, സൗഹൃദങ്ങളിലെല്ലാം സിനിമ വളരെ മനോഹരമായ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വ്യവസായത്തില്‍ കുറച്ച് കൂടി വലിയ, വിശാലമായ പങ്ക് എനിക്ക് വഹിക്കാനുണ്ടെന്നും അതെന്‍റെ കടമയാണെന്നും ഞാന്‍ കരുതുന്നു.
എന്‍റെ പിറന്നാള്‍ ദിനവും അധ്യാപക ദിനവും കൂടിയായ ഈ ദിവസം നിറഞ്ഞ ഹൃദയത്തോടെ പുതിയ സംരംഭത്തിന്‍റെ ലോഗോ ഞാന്‍ പ്രകാശനം ചെയ്യുകയാണ്. ഹണി റോസ് വര്‍ഗീസ് (HRV) പ്രൊഡക്ഷന്‍സ് എന്നാണ് പേര്. ചില അതിശയകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ സിനിമാപ്രേമികളുടെ സ്നേഹം ഇക്കാലത്തിനിടയില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഈ പിന്തുണയും സ്നേഹവും തുടര്‍ന്നും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. എന്‍റെ ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി'.
മികച്ച പ്രതിഭകളെ കണ്ടെത്താനും പുതിയ, കാഴ്ചക്കാരെ രസിപ്പിക്കുന്ന, എക്കാലവും നിലനില്‍ക്കുന്ന കഥകള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ. അങ്ങനെ നമ്മുടെ സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പങ്കു വഹിക്കാനാകുമെന്നും ഞാന്‍ കരുതുന്നു.
ആനന്ദി ബാല സംവിധാനം ചെയ്യുന്ന റേച്ചലാണ് ഹണി റോസിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ സഹ നിര്‍മാതാവും സഹ രചയിതാവും. ചിത്രത്തിന്‍റെ ടീസര്‍ വ്യാപക പ്രശംസ നേടിയിരുന്നു.