rdx-producer-case
  • നടപടി അഞ്ജന അബ്രഹാമിന്റെ പരാതിയില്‍
  • വഞ്ചന,ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി

ആര്‍ഡിഎക്സ് എന്ന സിനിമയ്ക്കായി മുടക്കിയ പണത്തിന്‍റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് നടപടി.വഞ്ചന,ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് തൃപ്പുണിത്തുറ പൊലീസ് കേസെടുത്തത്. ചിത്രത്തിന്റെ നിര്‍മാണത്തിനായി ആറുകോടി രൂപ അഞ്ജന അബ്രഹാം നല്‍കിയിരുന്നു. 

ആറുകോടിയോളം രൂപയാണ് അഞ്ജന സിനിമയ്ക്കായി മുടക്കിയത്. ഇതനുസരിച്ചുള്ള ലാഭവിഹിതം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അഞ്ജനയുടെ പരാതിയില്‍  പറയുന്നു. ഇതിന് പുറമെ സിനിമയുടെ നിര്‍മാണച്ചിലവ് പെരുപ്പിച്ച് കാട്ടിയെന്നും കണക്കുകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്.

പന്ത്രണ്ട് കോടി നിര്‍മാണചെലവ് വരുന്ന സിനിമ റിലീയാസി നാല് മാസത്തിനകം 30% ലാഭവിഹിതം നല്‍കുമെന്നായിരുന്നു നിര്‍മാതാക്കളുടെ ഉറപ്പ്. സിനിമ സൂപ്പര്‍ഹിറ്റായി നൂറുകോടി ക്ലബില്‍ കയറിയിട്ടും നിര്‍മാതാക്കള്‍ ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി.

പലതവണ ആവശ്യപ്പെട്ടപ്പോള്‍ മുടക്കിയ ആറ് കോടി രൂപ തിരിച്ചു നല്‍കി. എന്നാല്‍ ലാഭവിവിഹതമായി നല്‍കിയത് മൂന്ന് കോടി ആറ് ലക്ഷം രൂപമാത്രമാണ്. നിയമനടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഈ പണം പരാതിക്കാരിയുടെ അക്കൗണ്ടിലെത്തിയത്. നിയമനപടിയില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ പരാതിക്കാരിയെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യം പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് അഞ്ജന കോടതിയെ സമീപിച്ചത്.

വ്യാജ രേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും സോഫിയ പോൾ, ജെയിംസ് പോൾ എന്നിവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യാജ രേഖകളുണ്ടാക്കി സിനിമയുടെ നിര്‍മാണ ചിലവ് 28 കോടിയാക്കിയെന്നാണ് മറ്റൊരു ആരോപണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ സോഫിയപോള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെയും സമാനമായ പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

ENGLISH SUMMARY:

Kerala police registers case against RDX producers