സിനിമ ഇന്‍ഡസ്ട്രി പ്രൊഫഷണലാവണമെന്ന് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അത് ധൈര്യത്തോടെ തുറന്നുപറയാനുള്ള വേദി വേണമെന്നും ഇന്‍ഡസ്ട്രി പ്രൊഫഷണലാവണമെന്നും പ്രശാന്ത് പറഞ്ഞു. ചെറുപ്പത്തില്‍ നേരിട്ട ദുരനുഭവം പങ്കുവച്ചായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം നിലപാട് വ്യക്തമാക്കിയത്.
"ചെറുപ്പത്തിൽ ഞാൻ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനും. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോൾ എന്റെ മാറിൽ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യത്തെ ദിവസം ഇവർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വീട്ടിൽ അമ്മാച്ചന്മാർ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവർക്ക് എന്നോട് ഇത്രമാത്രം സ്നേഹം തോന്നാൻ മുൻപരിചയം ഒന്നുമില്ലല്ലോ. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ലെന്നും അവർ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്."
അവർ അതിൽ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി! നിങ്ങൾക്കു വേണമെങ്കിൽ ചോദിക്കാം, ടീച്ചർമാരോട് പരാതി പറഞ്ഞുകൂടെ എന്ന്. എന്‍റെ ആ മാനസികാവസ്ഥയിൽ ഞാൻ ടീച്ചേഴ്സ് റൂമിന്റെ അടുത്തു വരെ നടക്കും. പക്ഷേ, ഞാൻ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചർ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവർ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്കൂളിലും അല്ലേ ടീച്ചർക്ക് എന്നെ സംരക്ഷിക്കാൻ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാൻ അത് ചിരിച്ച് 'വിട് ചേട്ടാ' എന്നൊക്കെ പറഞ്ഞ് സഹിക്കും. പക്ഷേ, ഇത് എനിക്കൊരു ട്രോമ തന്നിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാൻ ചിലപ്പോൾ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, ഒരു ഗ്യാങ്ങിനെ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാൻ ദുർബലനല്ല എന്നു കാണിക്കാൻ ശ്രമിച്ചു ശ്രമിച്ചാണ് ഞാൻ ആ സ്കൂളിലെ ലീഡർ ആയത്. ഞാൻ ലീഡറായപ്പോൾ ആർക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടൊന്നുമില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്," പ്രശാന്ത് പറഞ്ഞു.
ലൊക്കേഷനില്‍ ഉണ്ടായ അനുഭവം എന്തുകൊണ്ട് അവര്‍ പറഞ്ഞില്ല എന്ന് ചോദിച്ചാല്‍ അത് അവരുടെ മാനസികാവസ്ഥയാണ്, അവര്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരിക്കും. അവര്‍ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത്. എന്തുകൊണ്ട് പരാതിപ്പെടുന്നില്ല എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവര്‍ക്ക് പരാതിപ്പെടാനും തുറന്നുപറയാനുമുള്ള ഭയമുണ്ട്. ഒരു പ്രശ്നമുണ്ടായാല്‍ അത് ഒരു ട്രോമയാകാതെ, അല്ലെങ്കില്‍ ട്രോമയിലേക്ക് പോകുന്നതിന് മുമ്പ് അത് തുറന്നുപറയാനുള്ള വേദി ഉണ്ടാകണമെന്നും പ്രശാന്ത് പറഞ്ഞു. താന്‍ ഒരു ഹിന്ദി സിനിമ ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന സ്ത്രീ സഹപ്രവര്‍ത്തകനെതിരെ പരാതിപ്പെട്ടു. 15 മിനിട്ടിനകം കാസ്റ്റിങ് ഏജന്‍സിയില്‍ നിന്നും വിശദീകരണം ചോദിച്ച് വിളി വന്നുവെന്നും ഇന്‍ഡസ്ട്രിയില്‍ പ്രൊഫഷണലിസം ഇല്ലെന്നും താരം തുറന്നടിച്ചു.