Image Credit: Facebook
നടന്‍ മുകേഷ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറണമെന്നും ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ പരാതി നല്‍കണമെന്നും ഉഷ ആവശ്യപ്പെട്ടു. മുകേഷിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ശരിയല്ല. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളതാണ് പുറത്തുവന്നിരിക്കുന്നതെന്നും ഉഷ ഹസീന പറഞ്ഞു.
നടി ഉഷ ഹസീനയുടെ വാക്കുകള്‍ ഇങ്ങനെ...
'എനിക്ക് തോന്നുന്നില്ല അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന്. മാധ്യമസൃഷ്ടിയൊന്നുമല്ലല്ലോ ഇത്. ഇത് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്. ഉളളതല്ലേ? ഇതിനോരു അവസാനം വേണ്ടേ? അതിന് നിയമപരമായി പ്രതികളാക്കപ്പെട്ടവര്‍ പുറത്തുകൊണ്ടുവരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത് ആരൊക്കെയാണെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അതാരാണെന്ന് ഞങ്ങള്‍ക്കും അറിയണം'.
'ദുരനുഭവം ഉണ്ടായ പെണ്‍കുട്ടികള്‍ കേസ് കൊടുക്കണം. അവര്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ തുടക്കം മുതലേ പറയുന്നുണ്ട്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തീര്‍ച്ചയായും നീതി ലഭിക്കണം. മൊഴി കൊടുത്ത പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നില്ല. ഈ പെണ്‍കുട്ടികള്‍ കേസ് കൊടുക്കാതിരുന്നാല്‍ ആരോപണ വിധേയര്‍ നിരപരാധികളാണെന്ന് തോന്നിപ്പോകും. ഇതെല്ലാം ഒരു പുകമറ സൃഷ്ടിക്കലാണെന്ന് തോന്നിപ്പോകുന്നു. ഇങ്ങനെയുളള ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആരോപണ വിധേയര്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കണം. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം'.
'1992ല്‍ ഞാന്‍ പറഞ്ഞ ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. അന്നും ഞാന്‍ പറയുന്നത് ഇതൊക്കെ തന്നെയാണ്. എനിക്ക് മുന്‍പ് നടി ശാരദവരെ പറഞ്ഞിട്ടുണ്ട്. അന്നും ഉണ്ട് ഈ അവസരം നഷ്ടപ്പെടുത്തലും ഭീഷണിപ്പെടുത്തലുമെല്ലാം. ഇതിനൊരു അവസാനം വേണ്ടേ' എന്നായിരുന്നു നടി ഉഷ ഹസീനയുടെ പ്രതികരണം. അതേസമയം മുകേഷിനെതിരെയുളള ലൈംഗികാരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി പറയുമെന്നും പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.