കൈവിരലില്‍ ചെറുതായി ഒരു മുറിവ് പറ്റി ആശിപത്രിയിലായ നടിക്ക് ആരാധകര്‍ അയച്ച സമ്മാനം കണ്ട് കണ്ണുതള്ളുകയാണ് സോഷ്യല്‍ മീഡിയ. ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് ഒരു ലക്ഷത്തിലധികം റോസാപ്പൂക്കളാണ് ആരാധകര്‍ അയച്ചത്. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
അഞ്ചു ദിവസം മുന്‍പാണ് കൈവിരലില്‍ ചോരയൊലിക്കുന്നതും ആശുപത്രിയില്‍ നിന്നുള്ളതുമായ ഒരു വിഡിയോ ഉർവശി പങ്കുവച്ചത്. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന ഒരു കുറിപ്പും ഒപ്പമുണ്ടായിരുന്നു. പിന്നീടുള്ള റീലുകളിലും ഫോട്ടാകളിലും ചുവന്ന റോസാപ്പൂക്കളില്‍ മുങ്ങിക്കിടക്കുന്ന ആശുപത്രി മുറിയും ഉര്‍വശിയേയുമാണ് കാണാനാകുന്നത്.
‘പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്നുപറഞ്ഞ് എന്‍റെ ആരാധകര്‍ അയച്ചുതന്നത്’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്.
എല്ലാ ഫാന്‍സും ഒരേ പൂക്കടയില്‍ നിന്നാണോ റോസാപ്പൂക്കള്‍ വാങ്ങിയത് എന്ന ചോദ്യമാണ് നടിയോട് പലരും കമന്‍റ് സെക്ഷനില്‍ ചോദിക്കുന്നത്. ‘ഞാന്‍ എണ്ണിനോക്കി ഇതാകെ 420 പൂക്കളെയുള്ളൂ’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. ‘ഇതിപ്പോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള നാടകമല്ലേ’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.