കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളെ മര്യദക്ക് വളര്‍ത്തണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ആണുങ്ങളോട് പെരുമാറ്റം ശ്രദ്ധിക്കാന്‍ താരം ആവശ്യപ്പെട്ടത്.
ഇന്നത്തെ കാലത്ത് രാജ്യത്തെ യുവാക്കൾക്ക് നടൻ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ ആൺകുട്ടികളോട് നല്ല രീതിയിൽ പെരുമാറാൻ പറയും, അല്ലെങ്കിൽ അവർ വിവരം അറിയും എന്നാണ് ജോണ്‍ പ്രതികരിച്ചത്. 'ആണ്‍മക്കളെ നന്നായി വളര്‍ത്തണം. പെൺകുട്ടികളോട് ഒന്നും പറയാൻ ഇല്ല, കാരണം അവര്‍ എന്ത് തെറ്റാണ് ചെയ്തത്. എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ കൂടുതല്‍ ശക്തരാവട്ടെ,' ജോണ്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും മൃഗങ്ങളും ഇന്ത്യയിൽ സുരക്ഷിതരല്ല എന്ന് നേരത്തെ ഒരു പോഡ്കാസ്റ്റില്‍ ജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. സങ്കടകരമാണ്, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പുരുഷന്മാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.