റീ റീലീസിങ്ങില്‍ പണംവാരുകയാണ് മലയാളം സിനിമ. മോഹന്‍ലാല്‍ നായകനായെത്തിയ ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നിവയാണ് അടുത്തിടെ തിയേറ്ററുകളെ ഇളക്കിമറിച്ചത്. ഒരു സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്‍റെ രണ്ടാംവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ ആകാംഷ അവസാനിപ്പിച്ച് ഐ.വി ശശി സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം ആവനാഴി എത്തുന്നു 4K ദൃശ്യമികവോടെ.
'ഇൻസ്പെക്ടർ ബൽറാം' എന്ന മമ്മൂട്ടിയുടെ ചൂടൻ പൊലീസ് ഓഫീസറായാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് റീറിലീസിങ് കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം പോസ്റ്ററും പങ്കുവച്ചു. റിലീസിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയേക്കും.
മമ്മൂട്ടിക്കൊപ്പം സുകുമാരൻ, സുകുമാരി, സീമ, ജഗന്നാഥ വര്‍മ, പറവൂര് ഭരതൻ, ജനാര്ദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, ക്യാപ്റ്റൻ രാജു, സി ഐ പോള്, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായര്, അസീസ്, പ്രതാപചന്ദ്രൻ എന്നിവരും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.
ആവനാഴി ശേഷം വന്ന മിക്ക പൊലീസ് ചിത്രങ്ങളിലും ആവനാഴി യിലെ റഫറൻസ് ഉണ്ടായിരുന്നു. ആവനാഴി റിലീസ് ചെയ്ത് ആദ്യത്തെ 7 ദിവസം കൊണ്ട് നേടിയ തിയേറ്റർ കളക്ഷൻ തന്നെ ഒരു സർവ്വകാല റെക്കോഡ് ആയിരുന്നു. 7 ദിവസം കൊണ്ട് അന്ന് ഈ ചിത്രം അന്ന് നേടിയത് 21 ലക്ഷം രൂപയായിരുന്നു. ദൃശ്യമികവോടെ എത്തുന്ന ചിത്രം വന്‍ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും.