Credits: instagram.com/sam.sanam.shetty

തമിഴ് സിനിമാ മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നതായി അഭിനേത്രിയും മോഡലുമായ സനം ഷെട്ടി. ഇത്തരമൊരു സംഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് സനം ഷെട്ടി പറ‍ഞ്ഞു. മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരാമർശിച്ച നടി തമിഴ് സിനിമയിലും അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ പഠനം നടത്തണമെന്നും നടി ആവശ്യപ്പെട്ടു.‌ 

‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ എനിക്കറിയില്ല. എന്നാൽ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പുറംലോകത്തറിയിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയ്ക്കും  സര്‍ക്കാരിനും നന്ദി. തമിഴ് സിനിമാ ലോകത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ആർക്കും ഇല്ലെന്ന് പറയാനാവില്ല. ഞാൻ എന്‍റെ സ്വന്തം അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്. അഡ്ജസ്റ്റ്മെന്‍റ് മാത്രമാണ് അവസരം ലഭിക്കാനുള്ള ഏക മാർഗം എന്ന ക്രൂരമായ നയത്തിനെതിരെ ഞാൻ ശബ്ദമുയർത്തുകയാണ്. ജോലിക്ക് വേണ്ടി ആരും നിരാശപ്പെടരുത്. സ്വയം വിശ്വസിക്കുക. കാത്തിരിക്കുക’ സനം പറയുന്നു.

വിഷയത്തിൽ തുറന്ന് സംസാരിക്കാനായി സനം മറ്റുള്ളവരോടും ആവശ്യപ്പടുന്നുണ്ട്. ‘ഇതിന്  നല്ല ധൈര്യം ആവശ്യമാണെന്നറിയാം പക്ഷേ, അത്തരക്കാരെ തുറന്നുകാട്ടാൻ മുന്നോട്ട് വരൂ. നമുക്കുവേണ്ടി പോരാടാൻ പുരുഷന്മാർക്കായി കാത്തിരിക്കേണ്ടതില്ല. നമ്മൾ നമുക്ക് വേണ്ടി നിലകൊള്ളണം.’ കൊൽക്കത്ത ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളുവർ കോട്ടത്തിന് സമീപം റാലി നടത്തുന്നതിന് അനുമതി തേടി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് സന്ദർശനത്തിനിടെ ചെന്നൈയിലായിരുന്നു നടിയുടെ പ്രതികരണം. 

ENGLISH SUMMARY:

Actress and model Sanam Shetty says casting couch exists in Tamil film industry as well. Sanam Shetty says that she too has faced such an incident and not only women but also men are sexually harassed.