“ബസൂക്ക” പ്രമുഖ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമ , മെഗാ സ്റ്റാർ മമ്മൂട്ടിയെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷായി കണ്ട ടീസർ . ഇറങ്ങി നാലുദിവസം കഴിഞ്ഞെങ്കിലും ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് . റോഷാക്കിന് ശേഷം സംഗീത സംവിധായകൻ മിഥുൻ മുകുന്ദനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ബസൂക്കയ്ക്കുണ്ട് . കണ്ണൂർ സ്വദേശി മിഥുൻ എങ്ങനെ കന്നഡയിലെ തിരക്കുള്ള സംഗീത സവിധായകരിലൊരാളായി ? ബസൂക്ക സിനിമയുടെ വിശേഷങ്ങൾ എന്തൊക്കെ ? തിരക്കുകൾക്കിടെ മിഥുൻ മുകുന്ദൻ മനോരമ ന്യൂസിനോട്

തീ പാറും ടീസറല്ലേ...

 ബസൂക്ക ടീസർ മ്യൂസിക് ചെയ്തത് ഞാനല്ല. ബസൂക്ക ടീസർ റിലീസ് ചെയ്തതിന് ശേഷം വളരെ നല്ല പ്രതികരണമാണ്  ലഭിക്കുന്നത്. 

ബസൂക്കയുടെ സംഗീത സംവിധായകൻ ഞാൻ തന്നെയാണ് എന്നാൽ ഇപ്പോൾ ഇറങ്ങിയ ടീസറിന് മ്യൂസിക് ചെയ്തത് ഞാനല്ല. സയീദ് അബ്ബാസാണ്. ടീസർ കണ്ട എല്ലാവരും എന്നെ അഭിനന്ദിക്കുമ്പോൾ സിനിമ എന്ന നിലയിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷെ ടീസർ മ്യൂസികിനുള്ള ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം.

ഞാൻ മരണ മമ്മൂക്ക ഫാൻ 

ബിഗ് ബിയും വല്യേട്ടനും പഴശിരാജയും ഒക്കെ തിയ്യേറ്ററിൽ പോയി കണ്ട് വിസിലടിച്ചൊരാൾ. അതുകൊണ്ട് സ്ക്രീനിൽ മമ്മൂക്കയെ കിടിലൻ ലുക്കിൽ, നല്ല സ്‌കോറിൽ പ്രസന്‍റ് ചെയ്യുമ്പോഴുള്ള ഹരം എനിക്ക് നന്നായിട്ട് അറിയാം. ഓസ്‌ലറിലും റോഷാക്കിലും ആ ഒരു ഹരം പ്രേക്ഷകർക്ക് കൊടുക്കാൻ കഴിഞ്ഞു. സ്‌ക്രീനിൽ നിൽക്കുന്നത് മമ്മൂക്കയാണെന്ന് ഓർക്കും അല്ലാതെ അദ്ദേഹത്തിനായി പ്രത്യേക  തയ്യാറെടുപ്പ് ഒന്നും നടത്താറില്ല.

മമ്മൂട്ടി ചിത്രങ്ങളിലെ കാർ സീനുകൾ

മമ്മൂക്കയെപോലെ എനിക്കും കാർ ക്രേസുണ്ട് . അദ്ദേഹവുമൊന്നിച്ച് ചെയ്യുന്ന ചിത്രങ്ങളിൽ കാർ സീനുകൾ വരുന്നുവെന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. പക്ഷേ, അത് എഴുത്തുകാരന്റേയും സംവിധായകരുടേയും ആശയമാണ്. എനിക്ക് കാറുകളോട് പ്രേമമുള്ളതുകൊണ്ട്  തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ അങ്ങനെ ആവുന്നതായിരിക്കാമെന്ന് മിഥുന്‍ പറയുന്നു. 

കണ്ണൂരുകാരന്‍റെ കന്നഡ വഴിയിങ്ങനെ...

മംഗലാപുരത്താണ് ഞാന്‍ പഠിച്ചത്. അവിടെ നിന്ന് ബെംഗളൂരുവിലെ ചില കൂട്ടുകാരെ കിട്ടി. അവര്‍ക്ക് കന്നഡ ചലച്ചിത്രമേഖലയുമായി നല്ല ബന്ധമുണ്ടായിരുന്നു. മലയാള സിനിമയിലാണെങ്കില്‍ എനിക്ക് ആരെയും പരിചയവുമില്ല. സിനിമയ്ക്ക് സംഗീതം ചെയ്യണമെന്നുള്ള ആഗ്രഹം മനസില്‍ കടന്നു കൂടിയുമിരുന്നു. ഒരു ചായ കുടിക്കാൻ ഇരുപത് രൂപ വേണമെങ്കിൽ വിളിക്കാൻ ആളുണ്ടല്ലോ? ആ ഒരു ധൈര്യത്തില്‍ ഞാന്‍ ബെംഗളൂരുവിലേക്ക് വണ്ടി കയറി. അങ്ങനെ ഒരു പ്ലാനിങുമില്ലാതെ ഞാന്‍ കന്നഡ സിനിമയില്‍ എത്തിപ്പെട്ടു. കന്നഡയിൽ എന്നോട് സഹകരിച്ചവരാരും  നീ മലയാളിയാണ് ഇവിടെ വന്ന് വർക്ക് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. കഴിവുണ്ടോ നമുക്ക് അവസരം കിട്ടിയിരിക്കും. അതാണ് എന്‍റെ അനുഭവം.

ഋഷഭ് ഷെട്ടി തകർക്കുമെന്ന് ഞാൻ രാജിനോട് പറഞ്ഞു

ഋഷഭ് ഷെട്ടിക്ക് കിട്ടിയത് അർഹിച്ച അംഗീകാരമാണ്. അവസാന 15 മിനിറ്റ് പെര്‍ഫോമന്‍സിലൂടെയാണ് കാന്താരയുടെ വിജയം ഋഷഭ് കൈപ്പിടിയിലാക്കിയത്. ഗരുഡ ഗമന ഋഷഭ വാഹന സിനിമയുടെ ഫസ്റ്റ് കട്ട് കണ്ടപ്പോൾ ഞാൻ രാജിനോട് പറഞ്ഞത് ഋഷഭിന്റെ പെർഫോമൻസിനെക്കുറിച്ചാണ്. ശരിക്കും ഗരുഡ ഗമന ഋഷഭയുടെ മുഖ്യാകര്‍ഷണം എന്ന് പറയാവുന്നതും ഋഷഭിന്റെ അഭിനയമാണ്. ഞാൻ കൂടെ ഭാഗമായ കന്നഡ സിനിമാ മേഖലയ്ക്ക് ഇങ്ങനെ ഒരു അവാർഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. 

രാജ് ബി ഷെട്ടി എന്ന ഫ്രണ്ട് ‌

കഹിയായിരുന്നു എന്‍റെ ആദ്യ കന്നഡ ചിത്രം. പേരിനൊരു പ്രൊഡക്ഷൻ ടീം പോലുമില്ലാത്ത സ്വതന്ത്ര സിനിമകളായിരുന്നു ആദ്യത്തെ അഞ്ചെണ്ണവും. കഹിയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ രാജ് ബി.ഷെട്ടിയുടെ സുഹൃത്ത്  സുഹാൻ പ്രസാദ് എന്നെ കാണാന്‍ വന്നു. റൊമാന്റിക് കോമഡി സിനിമ പ്ലാൻ ചെയ്ത സുഹാൻ പ്രസാദിനും രാജിനും കഹിയുടെ  സംഗീതത്തില്‍  എന്തോ ഒരു സ്പാർക്കടിച്ചിരിക്കാം. 

ഒണ്ടു മൊട്ടയേ കതേ, അതായിരുന്നു  എന്‍റെ ആദ്യത്തെ സാമ്പത്തിക വിജയമായ സിനിമ. ഈ സിനിമയിലൂടെ രാജുമായി കൂടുതൽ അടുത്തു. പിന്നീട് രാജിന്റെ കൂടെ ഗരുഡ ഗമന ഋഷഭ വാഹന, ടോബി, സ്വാതി മുത്തിന മല ഹനിയേ എന്നീ സിനിമകൾ. അവർ സിനിമയക്കായി തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അത് ചിത്രീകരിക്കുന്ന രീതിയും ആ ടീമിനെ എനിക്കും പ്രിയപ്പെട്ടതാക്കി. 

ഷെട്ടി ഗ്യാങോ... ?

ഏയ് ഷെട്ടി ഗ്യാംഗ് എന്നൊന്നില്ല, ഞാനതിലെ മെംബറുമല്ല, അതൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതല്ലേ? രാജ് സംവിധാനം ചെയ്ത ഋഷഭ് അഭിനയിച്ച GGRV റിലീസ് കോവിഡൊക്കെ കാരണം പ്രതിസന്ധിയിലായപ്പോൾ രക്ഷിത് ഷെട്ടി അത്  വിതരണം ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് ആ ചിത്രത്തില്‍  ഇവർ മൂന്നുപേരും വരുന്നത്. ഇതൊക്കെ എന്തൊക്കെയോ ഭാഗ്യം കൊണ്ട് സംഭവിച്ചുപോയതാണ്. രക്ഷിതും ഋഷഭുമായുള്ളത്  തികച്ചും പ്രൊഫഷണൽ  ബന്ധമാണ്. നല്ല സിനിമ ചെയ്യാൻ ഗ്യാങിന്റെ ആവശ്യമൊന്നുമില്ലല്ലോ? ആര് നല്ല കഥകൊണ്ടുവന്നാലും ചെയ്യാം.

ആദ്യ മലയാള സിനിമയിൽ മലയാളം പാട്ടില്ല 

ആദ്യത്തെ മലയാള സിനിമയിൽ മലയാളം പാട്ട് വേണമെന്ന ആഗ്രഹം ഒരു വശത്ത്, ആദ്യത്തെ മലയാള സിനിമ മമ്മൂക്കയുടെ കൂടെ എന്നത് മറുവശത്ത്. രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചാല്‍ നിശ്ചയമായും ഞാന്‍ മമ്മൂട്ടി സിനിമയ്ക്ക് കൈകൊടുക്കും. സംശയമില്ല. നിസാം ബഷീർ വിളിച്ച് ഇങ്ങനെയൊരു  സിനിമയെ കുറിച്ച്  പറയുമ്പോൾ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആർക്കുമറിയാത്ത, ഒരു മലയാള സിനിമ പോലും ചെയ്യാത്ത ഒരാളെ മമ്മൂക്കയുടെ സിനിമയിലേക്ക് എന്തിനാണ് വിളിക്കുന്നതെന്നായിരുന്നു എന്നായിരുന്നു എന്‍റെ ചിന്ത. പിന്നീട് ഷൂട്ടിങ് തുടങ്ങി അവിടെ പോയപ്പോഴാണ് സത്യമാണെന്ന ബോധ്യം വന്നത്. നമ്മൾ ഇഷ്ടപ്പെടുന്ന ഒരു താരത്തിന്റെ സിനിമയിലൂടെ അരങ്ങേറാൻ സാധിച്ചില്ലേ, റോഷാക്കിൽ പാട്ടില്ലാത്തത് ഒരു പ്രശ്നമല്ലായിരുന്നു. കാരണം അങ്ങനെയുള്ള സിനിമകൾ എപ്പോഴും സംഭവിക്കില്ല. അത്ര നല്ല തിരക്കഥ, അത്  ലക്ഷ്യത്തിലെത്തിക്കാന്‍  പറ്റുന്ന ഒരു ടീം അതൊക്കെ ഒരു ഭാഗ്യമാണ്. മലയാളത്തിൽ പാട്ടുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അത് പിന്നീട് പൂവൻ, പവി കെയർ ടേക്കർ എന്നീ സിനിമകളിലൂടെ നടന്നു

പൂമാനമേ റീമാസ്റ്റർ ചെയ്തതെങ്ങനെ? 

ശ്യാം സാറിനെപോലെ വലിയ ഒരു സംഗീത സംവിധായകന്റെ മാസ്റ്റർപീസ് ഐറ്റം, എന്നെക്കാൾ പ്രായമുള്ള ഒരു പാട്ട് അത് റീമാസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ മിഥുൻ മാനുവൽ തോമസ് പറഞ്ഞപ്പോൾ റീമിക്സാണോ റീക്രിയേഷനാണോ ചെയ്യേണ്ടതെന്നാ ചോദിച്ചത്. മിഥുൻ പറഞ്ഞു എൺപതുകളിലെ ഒരു ഓർക്കസ്ട്ര വായിക്കുന്നതുപോലെ പുനരാവിഷ്കരിക്കാന്‍ . അതെനിക്ക് വലിയ സന്തോഷമായി കാരണം റീമിക്സിങ് പാട്ടിന്‍റെ സ്വഭാവികത നശിപ്പിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനുശേഷം നേരിടേണ്ടി വന്ന പ്രധാന പ്രശ്നം എൺപതുകളില്‍ ഉപയോഗിച്ചിരുന്ന തരം സംഗീത ഉപകരണങ്ങൾ കണ്ടെത്തുക എന്നതായിരുന്നു. പാട്ട് കേൾക്കുമ്പോൾ പണ്ടത്തെ 'പൂമാനമേ' മികച്ച ശബ്ദനിലവാരത്തില്‍  ചെയ്തു എന്ന്  പ്രേക്ഷകര്‍ കരുതണമെന്നായിരുന്നു ലക്ഷ്യം . ആ കാലഘട്ടത്തിലെ കീബോർഡുകളും സ്ട്രിങ്സും തബലയുമെല്ലാംവച്ച്  പാട്ട് റെക്കോർഡ് ചെയ്തു. രണ്ടാമത്തെ വെല്ലുവിളി പാട്ടുകാരനെ തിരഞ്ഞെടുക്കലായിരുന്നു. നിതിൻ ശിവ അത് അടിപൊളിയാക്കി. എല്ലാം ഒത്തുവന്നപ്പോൾ 38വർഷത്തിനു ശേഷവും പാട്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി.

ചന്ദ്രചൂഡ വന്ന വഴി 

ഗരുഡ ഗമനയുടെ കഥ പറയുന്ന സമയത്ത് ചന്ദ്രചൂഡ ഞങ്ങളുടെ മനസ്സിൽ പോലും ഇല്ല. ശരിക്കും ആ ഒരു ഭാഗം കർണാടിക് മ്യൂസിക്കിൽ ഒരു കീർത്തനമായി ഞാൻ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. ആദ്യത്തെ പാട്ട് സോജുഗാദ സൂജുമല്ലികെ കമ്പോസ് ചെയ്ത ശേഷമാണ് രാജ് വിളിച്ച് ചന്ദ്രചൂഡയെ പറ്റി പറയുന്നത്. അതിലെ 'കൊരളലി ഭസ്മ രുദ്രാക്ഷവ ധരിസിദ പരമ വൈഷ്ണവനു നീനെ..' യുടെ അർത്ഥം രാജ് തന്നെയാണ് എനിക്ക് പറഞ്ഞു തരുന്നതും. വളരെ ശാന്തമായിട്ടുള്ള ഒരു കമ്പോസിംഗ് ആണ് ചന്ദ്രചൂഡയുടേത് അതിനെയാണ് നമ്മൾ ഒരാളെ തല്ലിക്കൊല്ലുന്ന സീനിൽ ഉപയോഗിച്ചത്. എന്‍റെ മനസിൽ ശിവ സ്ലോമോഷനിൽ വന്ന് എല്ലാവരെയും അടിക്കുന്ന സീനായിരുന്നു. അത് ഓർത്തിട്ടാണ് കമ്പോസ് ചെയ്തത്. എന്നാൽ രാജ് ആ  സീന്‍  തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചത്. ഇതൊക്കെ ഓരോ നിമിത്തമായാണ് ഞാൻ കരുതുന്നത്. ആ വരികൾ പുരന്ദര ദാസ എഴുതിവെച്ചത് ഒരു നിമിത്തം, അത് നമ്മുടെ സിനിമയ്ക്ക് പറ്റിയതാണെന്ന് മനസിലാക്കാൻ രാജിന് കഴിഞ്ഞത് മറ്റൊരു നിമിത്തം, സിനിമയ്ക്കുവേണ്ടി അത് അങ്ങനെ  ചിട്ടപ്പെടുത്താന്‍  എനിക്ക് കഴിഞ്ഞത് മറ്റൊരു നിമിത്തം.

റോഷാക്ക് വഴി ബസൂക്കയിലേക്ക് 

ബിഗ് ബിക്ക് ശേഷം മമ്മൂക്കയെ കൂടുതൽ സ്റ്റൈലിഷായി കാണാൻ പറ്റുന്ന ചിത്രം എന്ന രീതിയിലാണ് ബസൂക്ക എന്നെ ആകർഷിച്ചത്. റോഷാക്ക് റിലീസ് ചെയ്ത ഉടൻ തന്നെ സംവിധായകൻ ഡീനോ എന്നെ വിളിച്ചു. മൂന്ന് ആഴ്ചകൾക്കുള്ളിൽ പടത്തിന്‍റെ വിശദാംശങ്ങള്‍ തന്നു . പിന്നെ തേടിയെത്തിയത്  മമ്മൂക്കയുടെ സിനിമ എന്ന ആവേശവും.  റോഷാക്ക് ഒരു  പരീക്ഷണ ചിത്രമായിരുന്നെങ്കിൽ ബസൂക്ക അതിൽ നിന്നും വ്യത്യസ്തമായി സ്റ്റൈലിഷ് ചിത്രമാണ്. ഗെയിമിംഗ് ത്രില്ലറായതുകൊണ്ട് രസകരമായിട്ടുള്ള വി.എഫ്.എക്സ് ഒക്കെയുണ്ട് . ടീസറിന് ഇത്ര നല്ല പ്രതികരണമുണ്ടായത് പോസ്റ്റ് പ്രൊഡക്ഷനില്‍ മനസര്‍പ്പിച്ചിരിക്കുന്ന ഞാനടക്കമുള്ള ടീമിന് നല്‍കുന്ന ആവേശം ചെറുതല്ല. തിയേറ്ററില്‍ വിസിലടിച്ച് മമ്മൂക്കയുടെ മാസ് എന്‍ട്രിയെ എതിരേല്‍ക്കാന്‍ വേണ്ടതെല്ലാം ബസുക്കയിലുണ്ട്. ഫാൻസുകാരെ ഹരം കൊള്ളിക്കുന്ന സിനിമ തന്നെയായിരിക്കും ബസൂക്ക. ബാക്കി ഒക്കെ തിയറ്ററിൽ കാണാം. 

ENGLISH SUMMARY:

Music director Midhun mukundan on his new Mammootty movie Bazooka