ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് റോളില്ലെന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ വെപ്രാളം എന്തിനെന്നും മന്ത്രി സജി ചെറിയാന്‍ തിരുവല്ലയില്‍ ചോദിച്ചു. റിപ്പോര്‍ട്ട് ഇന്ന് പറത്തുവിടുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല, എസ്.പി.ഐ.ഒയാണ് പുറത്തു വിടേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മിഷന്‍ ഉത്തരവ് അട്ടിമറിച്ച് സര്‍ക്കാര്‍. നടി രഞ്ജിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റിപ്പോര്‍ടിന്‍റെ ഉള്ളടക്കം അറിയാന്‍ അവകാശമുണ്ടെന്നും ഹര്‍ജി മറ്റാര്‍ക്കും വേണ്ടിയല്ലെന്നും നടി രഞ്്ജിനി. സിനിമാ മേഖലയില്‍ തെറ്റായ പ്രവണതയുണ്ടെങ്കില്‍ അതു പുറത്തുവരണമെന്നായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുടെ പ്രതികരണം. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.
റിപ്പോര്‍ട് പുറത്തുവിടാന്‍ തയ്യാറാണെന്നു പലവുരു ആവര്‍ത്തിച്ച സര്‍ക്കാരാണ് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ഇന്നു നിലപാടില്‍ നിന്നു പിന്നാക്കം പോയത്. റിപ്പോര്‍ട് പതിനൊന്നു മണിക്കു പുറത്തുവിടുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. തന്‍റെ മോഴിയുടെ റിപ്പോര്‍ടിലെ ഉള്ളടക്കം അറിയണമെന്നു രഞ്ജിനി കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല.
പ്രത്യേക കാരണങ്ങളൊന്നും പറയാതെ ഇന്നു റിപ്പോര്‍ട് പുറത്തുവിടുന്നില്ലെന്നു വിവരാവകാശ അപേക്ഷകരെ അറിയിക്കുകയായിരുന്നു. ഇതോടെ 2019 ല്‍ സമര്‍പ്പിച്ച ഹേമകമ്മിറ്റി റിപ്പോര്‍ട് വിവരാവകാശകമ്മിഷന്‍റെ ഇടപെടലോടെ വെളിച്ചം കാണുമെന്നു കരുതിയതെങ്കിലും അട്ടിമറിക്കപ്പെടുകയായിരുന്നു. തന്‍റെ വാദം കേട്ട് കോടതി തീരുമാനിക്കട്ടെയെന്നു ഹര്‍ജിക്കാരിയായ നടി രഞ്ജിനി. രഞ്ജിനിയുടെ ഹര്‍ജി കോടതി തള്ളുമെന്നാണു പ്രതീക്ഷയെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് റിപ്പോര്‍ട് പുറത്തുവിടണമെന്നുത്തരവിട്ട വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുള്‍ ഹക്കിം പ്രതികരിച്ചില്ല. റിപ്പോര്‍ട് കിട്ടിയില്ലെന്നുള്ള മാധ്യമങ്ങളുടെ പരാതിയില്‍ സര്‍ക്കാരിനോടു വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്വകാര്യത ഹനിക്കുന്നെന്നു കണ്ടെത്തിയ മൊഴികളടക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട് പുറത്തുവിടാമെന്നായിരുന്നു വിവരാവകാശ കമ്മിഷന്‍ ഉത്തരവ്.