70–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയതിന്‍റെ തിളക്കത്തിലാണ് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിങ് എന്നീ പുരസ്കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചത്. സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറമുള്ള നേട്ടമാണിതെന്നും പുരസ്കാര ലബ്ധിയുടെ എല്ലാ ക്രെഡിറ്റും ചിത്രത്തിന്‍റെ നിര്‍മാതാവിനും നടന്‍ വിനയ് ഫോര്‍ട്ടിനും നല്‍കുന്നുവെന്നും ആട്ടത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകര്‍ഷി മനോരമ ന്യൂസിനോട് പറഞ്ഞു.
ചിത്രത്തിന്‍റെ എഡിറ്റിങ് പുരസ്കാരം അര്‍ഹിച്ചിരുന്നുവെന്നും മഹേഷിന് അത് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് പറഞ്ഞു. സിനിമ ഉണ്ടാകാനുള്ള കാരണം വിനയ് ഫോര്‍ട്ടാണ്. സുഹൃത്തുക്കളെ വച്ച് സിനിമ ചെയ്യാന്‍ വിനയ്യാണ് പറഞ്ഞത്. അതനുസരിച്ചാണ് കഥയുണ്ടാക്കിയതെന്നും ആനന്ദ് വെളിപ്പെടുത്തി. കഥ കേട്ട് പത്താം മിനിറ്റില്‍ സിനിമ ചെയ്യാനുള്ള അനുമതി നല്‍കിയ നിര്‍മാതാവിന് എല്ലാ ക്രെഡിറ്റും നല്‍കുന്നു. 25 വര്‍ഷമായുള്ള തങ്ങളുടെ സൗഹൃദത്തിന്‍റെ ആഘോഷവും വിജയവും കൂടിയാണ് സിനിമ. തീയറ്ററില്‍ വലിയ പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിത്തന്നതെന്നും ആനന്ദ് പറഞ്ഞു. ഒരു ചലച്ചിത്ര പ്രവര്‍ത്തകന് ഇതിലും വലിയ അംഗീകാരമൊന്നും കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.