soudi-vellakka

‘ഒരു കുഞ്ഞു സിനിമയായിരുന്നു സൗദി വെള്ളക്ക.എല്ലാവരും വലിയ ചിത്രങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഈ കൊച്ചു സിനിമയ്ക് മലയാളികള്‍ നല്‍കിയ സ്നേഹം വലുതാണ്.അമ്പത് ദിവസം തിയേറ്ററുകളില്‍ ഓടി.’ഇപ്പോള്‍ ദേശീയ പുരസ്കാര നേട്ടത്തോടെ  ഉള്ളുള്ളതാണ്  ഞങ്ങളുടെ സൗദി വെള്ളക്ക എന്ന് തെളിഞ്ഞെന്നും സംവിധായകന്‍   തരുണ്‍ മൂര്‍ത്തി മനോരമ ന്യൂസിനോട് പറഞ്ഞു.  ചലച്ചിത്ര മേളകളിലെല്ലാം മികച്ച അഭിപ്രായമായിരുന്നു. അതിനാല്‍ തന്നെ  ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

ബോംബെ ജയശ്രീയെപ്പോലൊരു  അനുഗ്രഹീത ഗായികയ്ക്ക്  ഒരു മലയാള ഗാനത്തിന് പുരസ്കാരം കിട്ടിയതിലും അഭിമാനിക്കുന്നു.ആ നേട്ടം ഇരട്ടിമധുരമായെന്നും തരുണ്‍ മൂര്‍ത്തിപറഞ്ഞു. ചിത്രത്തിലെ പാട്ടിന്‍റെ റെക്കോര്‍ഡിങ് കഴിഞ്ഞ്  ദിവസങ്ങള്‍ക്കകം ബോംബെ ജയശ്രീ രോഗ‌ബാധിതയായി കിടപ്പിലായി . റെക്കോര്‍ഡിങ്ങിന് ശേഷം പാട്ടൊന്നുകേള്‍ക്കാന്‍പോലും അവര്‍ക്കായില്ലെന്നും തരുണ്‍ പറഞ്ഞു

കൊച്ചി തമ്മനത്തിനടുത്തുള്ള സൗദിയെന്ന കോളനിയില്‍  ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കേസും അതിന്റെ നൂലാമാലകളുമാണ് സൗദി വെള്ളക്കയുടെ പ്രമേയം. അതിർത്തിത്തർക്കമുള്ള രണ്ടു വീടുകൾ. അതിലൊരു വീട്ടിലെ വല്യുമ്മ ആയിഷ റാവുത്തർ തൊട്ടടുത്ത വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാളെ അടിക്കുന്നു. ആ വീട്ടിൽ ട്യൂഷനു വന്ന കുട്ടികളിലൊരാളാണവൻ. അവന്റെ വായിലെ ഇളകിയിരിക്കുന്ന പല്ല് പോകുന്നു. ‌ അയൽവാസി ഇതു പരമാവധി പെരുപ്പിച്ച് പൊലീസിൽ പരാതി കൊടുപ്പിക്കുന്നു. പത്തുപതിമൂന്നു വർഷം കേസു നടത്തുന്നു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലുള്ള ആ ഉമ്മ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നുവെന്നാണ് സിനിമ പറയുന്നത്. 

ENGLISH SUMMARY:

Malayalam Movie Soudi Vellakka's Director Tharun Moorthy's reaction on National Award