Image Credit: Facebook
ലുക്മാന്‍ അവറാന്‍ പെരുത്ത സന്തോഷത്തിലാണ്. അഭിനയിച്ച രണ്ട് സിനിമകളില്‍ ഒന്ന് മലയാളത്തിലെ മികച്ച ചിത്രമെന്ന ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ സുലേഖ മന്‍സില്‍ മികച്ച നൃത്തസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. അപ്രതീക്ഷിതമായിരുന്നു സൗദി വെള്ളക്കയ്ക്ക് ലഭിച്ച പുരസ്‌കാരമെന്ന് ലുക്മാന്‍ അവറാന്‍ മനോരമന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു. 'ഭയങ്കര സന്തോഷമായി. ഇന്നാണ് പുരസ്‌കാര പ്രഖ്യാപനമെന്ന് അറിയാമായിരുന്നു. അവാര്‍ഡൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. ഷൂട്ടിങിന്റെ ഇടയിലാണ് വിവരം അറിഞ്ഞത്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും സന്തോഷമുണ്ട്. രണ്ട് സിനിമകളുടെയും ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഹാപ്പിയാണ്.
Image Credit: Facebook
ഓപറേഷന്‍ ജാവ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് സൗദി വെള്ളക്ക ചെയ്യാന്‍ തരുണ്‍ തീരുമാനിക്കുന്നത്. വലിയ ബജറ്റിലെ സിനിമകള്‍ ചെയ്യാന്‍ തരുണിനോട് പലരും താല്‍പര്യമറിയിച്ചിരുന്നു. പക്ഷേ സൗദി വെള്ളക്കയെന്ന ചെറിയ സിനിമ ചെയ്യാമെന്നത് തരുണിന്റെ ഉറച്ച തീരുമാനമായിരുന്നു. എന്നെ അതില്‍ ഉള്‍പ്പെടുത്തിയെന്നത് ഭാഗ്യമാണ്. ചിത്രത്തില്‍ ഐഷ ഉമ്മയായി അഭിനയിച്ച ദേവി വര്‍മ ഇപ്പോള്‍ വിളിച്ച് സന്തോഷം പങ്കിട്ടതേയുള്ളൂ. എല്ലാവരും തികഞ്ഞ സന്തോഷത്തിലാണ്. ചിത്രത്തിന്റെ നിര്‍മാതാവ്, അണിയറ പ്രവര്‍ത്തകരെല്ലാം എല്ലാവരുടേതും കൂടിയാണ് ഈ വലിയ സന്തോഷം. സിനിമയിലേക്ക് വരുന്ന എല്ലാവരുടെയും സ്വപ്‌നമാണ് ദേശീയ, സംസ്ഥാന പുരസ്‌കാരം. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള യാത്രയില്‍ ഈ അംഗീകാരം ഊര്‍ജമാകുമെന്നും ലുക്മാന്‍ പറഞ്ഞു.
Image Credit: Facebook
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ ലുക്മാനും ദേവി വര്‍മയ്ക്കും പുറമെ ബിനു പപ്പു, സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്. സൗദി വെള്ളക്കയിലെ 'ചായും വെയില്‍' എന്ന ഗാനത്തിന് ബോംബെ ജയശ്രീക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ബോംബെ ജയശ്രീക്ക് ലഭിച്ച അംഗീകാരം ഇരട്ടി മധുരമായെന്നും ചായും വെയിലിന്റെ റെക്കോര്‍ഡിങിന് ശേഷം പാട്ട് കേള്‍ക്കാനാകും മുമ്പേ അവര്‍ രോഗബാധിതയായെന്നും തരുണ്‍ വെളിപ്പെടുത്തിയിരുന്നു.