പൃഥ്വിരാജ്, ഉര്‍വശി, ബീന ചന്ദ്രന്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഒന്‍പതെണ്ണം വാരിക്കൂട്ടി ബ്ലെസിയുടെ ‘ആടുജീവിത’ത്തിന് വന്‍ നേട്ടം. മരുഭൂമിയില്‍ അകപ്പെട്ട നജീബിന്റെ വേദനകള്‍ തിരയിലെത്തിച്ച് പൃഥ്വിരാജ് സുകുമാരന്‍ മികച്ച നടനായി. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ബ്ലെസി സ്വന്തമാക്കി. ഉള്ളൊഴുക്കിലൂടെ ഉര്‍വശിയും ‘തടവ്’ എന്ന ചിത്രത്തിലൂടെ ബീന ചന്ദ്രനും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു.
മമ്മൂട്ടിക്കമ്പനി നിര്‍മിച്ച്, ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായും ‘ആടുജീവിതം’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണം, ചമയം, കളറിസ്റ്റ്, ശബ്ദമിശ്രണം തുടങ്ങിയ പുരസ്കാരങ്ങളും ആടുജീവിതത്തിന് തിളക്കമേറ്റി. വിദ്യാധരന്‍ മാസ്റ്ററും ആന്‍ ആമിയും യഥാക്രമം മികച്ച ഗായകനും ഗായികയുമായി. പൂക്കാലത്തിലൂടെ വിജയരാഘവനാണ് മികച്ച സ്വഭാവ നടന്‍. പൊമ്പളൈ ഒരുമൈയിലുടെ ശ്രീഷ്മ ചന്ദ്രന്‍ മികച്ച സ്വഭാവനടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രം കാതല്‍ ദി കോര്‍, മികച്ച രണ്ടാമത്തെ സിനിമയായി ‘ഇരട്ട. ആടുജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകന്‍. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവരെയും തിരഞ്ഞടുത്തു. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ). മികച്ച ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഗായിക ആന്‍ ആമി.
സംസ്ഥാന ചലച്ചിത്ര അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.