മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തന്‍റെ മനസ് നിറച്ചുവെന്ന് വിദ്യാധരന്‍ മാസ്റ്റര്‍. ' ജനനം 1947 പ്രണയം തുടരുന്നു'വെന്ന ചിത്രത്തിലെ ഗാനമാണ് പുരസ്കാരത്തിനര്‍ഹനാക്കിയത്. എട്ടാം വയസില്‍ പാട്ടുകാരന്‍ ആകാന്‍ ആഗ്രഹിച്ച് വീടുവിട്ടു പോയ തനിക്ക് 79–ാം വയസില്‍ വന്ന് ചേര്‍ന്ന ഈ പുരസ്കാരം മനസ് നിറച്ചുവെന്ന് വിദ്യാധരന്‍ മാസ്റ്റര്‍ മനോരമന്യൂസിനോട് പ്രതികരിച്ചു.
അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ.. എട്ടുവയസ് പത്തുവയസ് മുതല്‍ പാട്ടുപാടാന്‍ ആഗ്രഹിച്ച് വീടുവിട്ടു പോയവനാണ് ഞാന്‍. ഇപ്പോ 79 വയസിലാണ് പുരസ്കാരം ലഭിക്കുന്നത്. അതും പാട്ടുകാരനായിട്ട്.. സംഗീതം ചെയ്തിട്ടുള്ളതിന് കിട്ടിയിട്ടില്ല. എന്‍റെ പാട്ടുകള്‍ക്ക് യേശുദാസിനും ചിത്രയ്ക്കും ഒഎന്‍വി സാറിനും കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയിരുന്നില്ല'. പാട്ടുകാരനാവണമെന്ന തന്‍റെ ആഗ്രഹം ആളുകള്‍ക്ക് ബോധ്യമായെന്നും അതാവും പുരസ്കാരത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ആറുപതിറ്റാണ്ടിലേറെ നീളുന്ന സംഗീത സപര്യയില്‍ നാലായിരത്തിലേറെ പാട്ടുകളാണ് മലയാളത്തിന് ഓര്‍ത്തുവയ്ക്കാന്‍ മൂളി നടക്കാന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത്.